സംസ്ഥാനത്ത് ആകെ വാക്‌സിനേഷന്‍ മൂന്ന് കോടി 
ഡോസ് കടന്നു; ദേശീയ ശരാശരിയെക്കാള്‍ കൂടുതല്‍


തിരുവനന്തപുരം: സംസ്ഥാനത്ത് ആകെ വാക്‌സിനേഷന്‍ മൂന്ന് കോടി ഡോസ് കടന്നു എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത് ദേശീയ ശരാശരിയെക്കാള്‍ കൂടുതലാണ്. 18 വയസ്സിനു മുകളിലുള്ള 76.15 ശതമാനം പേര്‍ക്ക് ആദ്യ ഡോസും 28.73 ശതമാനം പേര്‍ക്ക് രണ്ടാം ഡോസും നല്‍കി എന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് അവലോകന യോഗത്തിനു ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രിയുടെ വിശദീകരണം. 


രണ്ട് ഡോസുകള്‍ ഉള്‍പ്പെടെ 3 കോടി ഒരു ലക്ഷത്തി 716 ഡോസ് വാക്‌സിന്‍ നല്‍കി. വ്യക്തമായി പറഞ്ഞാല്‍ 2 കോടി 18 ലക്ഷത്തി 54,153 പേര്‍ക്ക് ആദ്യ ഡോസും 82 ലക്ഷത്തി 46,563 പേര്‍ക്ക് രണ്ടാം ഡോസ് വാക്‌സിനും നല്‍കി. 18 വയസ്സിനു മുകളിലുള്ള 76.15 ശതമാനം പേര്‍ക്ക് ആദ്യ ഡോസും 28.73 ശതമാനം പേര്‍ക്ക് രണ്ടാം ഡോസും നല്‍കി. ജനസംഖ്യാനുപാതികമായി ഇത് യഥാക്രമം 61.73 ശതമാനവും 23.3 ശതമാനവുമാണ്. വാക്‌സിനേഷന്‍ ദേശീയ ശരാശരിയെക്കാള്‍ കൂടുതലാണ്. ഇന്ത്യയിലെ വാക്‌സിനേഷന്‍ ആദ്യ ഡോസ് 41.45 ശതമാനവും രണ്ടാം ഡോസ് 12.7 ശതമാനവുമാണ്.


വാക്‌സിന്‍ ക്ഷാമം കാരണം കഴിഞ്ഞ ദിവസങ്ങളില്‍ വാക്‌സിനേഷനു തടസം നേരിട്ടു. എന്നാല്‍ ഇന്നലെ 10 ലക്ഷം ഡോസ് വാക്‌സിന്‍ എത്തിയതോടെ ഇന്നു മുതല്‍ കാര്യക്ഷമമായി വാക്‌സിനേഷന്‍ നടക്കുന്നു. വാക്‌സിന്‍ തീരുന്നതിനനുസരിച്ച് എത്തിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്യുന്നത്. കൊവിഷീല്‍ഡ്, കൊവാക്‌സിന്‍ എന്നിവയുടെ രണ്ടാമത്തെ ഡോസ് കാലതാമസം കൂടാതെ എല്ലാവരും എടുക്കണം രണ്ട് വാക്‌സിനുകളും മികച്ച ഫലം തരുന്നവയാണ്.

അധ്യാപകര്‍ക്ക് ഈ ആഴ്ച തന്നെ രണ്ടാം ഡോസ് വാക്‌സിനും നല്‍കും. പത്ത് ദിവസത്തിനുള്ളില്‍ ബന്ധപ്പെട്ട വകുപ്പുകള്‍ ഇക്കാര്യത്തില്‍ വ്യക്തത വരുത്തണം. പൊതുവിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ വകുപ്പുകള്‍ അതിനാവശ്യമായ ക്രമീകരണം ചെയ്യണം.  പ്രൈമറി ആയാലും സെക്കന്‍ഡറി ആയാലും ഉന്നത വിദ്യാഭ്യാസം ആയാലും, എല്ലാവരും ഈ ഘട്ടത്തില്‍ വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കുക എന്നത് പ്രത്യേകമായി ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
 

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media