വിവാദ സര്‍ക്കുലര്‍ പിന്‍വലിക്കില്ലെന്ന് ആരോഗ്യമന്ത്രി
തിരുവനന്തപുരം: മാധ്യമങ്ങളുമായി സംസാരിക്കാന്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് മുന്‍കൂര്‍ അനുമതി വേണമെന്ന വിവാദ സര്‍ക്കുലറില്‍ ഉറച്ചു നില്‍ക്കുന്നതായി വ്യക്തമാക്കി ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജ് പല ജില്ലകളില്‍ പല രീതിയില്‍ ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ വരുന്ന സ്ഥിതിയുണ്ട്. വിവരങ്ങള്‍ കൃതൃമായി പരിശോധിച്ചും ഏകോപിപ്പിച്ചും നല്‍കേണ്ടതായിട്ടുണ്ട് എന്നതിനാലാണ് ഈ സര്‍ക്കുലര്‍. മാധ്യമങ്ങളുമായി സംസാരിക്കാന്‍ ആര്‍ക്കും വിലക്കില്ല എന്നാല്‍ വകുപ്പുമായി ആശയവിനിമയം നടത്തി നല്‍കുന്ന വിവരങ്ങള്‍ കൃത്യമാണെന്ന് ഉറപ്പാക്കണമെന്ന് മാത്രം - ആരോഗ്യമന്ത്രി വിശദീകരിച്ചു. വിവാദ സര്‍ക്കുലറിനെതിരെ വലിയ വിമര്‍ശനമുയര്‍ന്നെങ്കിലും സര്‍ക്കുലര്‍ പിന്‍വലിക്കില്ലെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
മുന്‍കൂര്‍ അനുമതിയില്ലാതെ ഡിഎംഒമാര്‍ അടക്കമുള്ള ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ സംസാരിക്കുന്നത് വിലക്കിയതായുള്ള വാര്‍ത്ത തെറ്റാണ്. പല ജില്ലകളിലെ ഡേറ്റ പല രീതിയില്‍ മാധ്യമങ്ങളില്‍ വരുന്നത് കൊണ്ട് ചില നിര്‍ദേശങ്ങളാണ് നല്‍കിയത്. വിവരങ്ങള്‍ക്ക് ഏകീകൃത രൂപം കിട്ടാനാണ് ഈ നടപടി. മാധ്യമവിലക്കുണ്ടെന്ന വാര്‍ത്ത തെറ്റാണ്. എന്നാല്‍ ആശയവിനിമയം നടത്തി അനുമതി നേടിയ ശേഷമേ മാത്രമേ മാധ്യമങ്ങള്‍ക്ക് വിവരങ്ങള്‍ നല്‍കാവൂ എന്ന് നിര്‍ദേശിച്ചിട്ടുണ്ട്. പൊതുവില്‍ പലപ്പോഴും തെറ്റായ വാര്‍ത്തകള്‍ വരുന്ന സ്ഥിതിയുണ്ട്. ഡേറ്റ സംബന്ധിച്ചു അധികാരികമല്ലാത്ത വാര്‍ത്തകള്‍ വരുന്നത് ശ്രദ്ധയില്‍ പെട്ടിട്ടില്ല.
അട്ടപ്പാടിയില്‍ സന്ദര്‍ശനം നടത്താന്‍ തലേദിവസമാണ് തീരുമാനിച്ചത്. തന്റെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ആശുപത്രി സൂപ്രണ്ട് പറയുന്ന രാഷ്ട്രീയ ആരോണങ്ങള്‍ക്ക് മറുപടി പറയാനില്ല. താന്‍ ചെയ്യുന്നത് തന്റെ ഉത്തരവാദിത്തമാണ്. അട്ടപ്പാടിയിലെ സ്ഥിതി പരിശോധിക്കേണ്ടത് തന്റെ ബാധ്യതയാണ്. അത് ഇനിയും ചെയ്യും. ഇനിയും സന്ദര്‍ശനം ഉണ്ടാകും അട്ടപ്പാടിയില്‍ നേരിട്ടുള്ള നിരീക്ഷണത്തില്‍ പ്രവര്‍ത്തനങ്ങള്‍ കൊണ്ടുപോകുമെന്നും വീണ ജോര്‍ജ്ജ് പറഞ്ഞു.