രാജ്യത്ത് ആയിരം എല്‍എന്‍ജി സ്റ്റേഷനുകള്‍ ഒരുക്കി വിപ്ലവം സൃഷ്ടിക്കാന്‍ പെട്രോനെറ്റ് എല്‍എന്‍ജി
രാജ്യത്ത് ഒരു എല്‍എന്‍ജി (ദ്രവീകൃത പ്രകൃതി വാതകം) വിപ്ലവം സൃഷ്ടിക്കാന്‍ ഒരുങ്ങുകയാണ് പെട്രോനെറ്റ് എല്‍എന്‍ജി. അഞ്ച് വര്‍ഷം കൊണ്ട് രാജ്യത്ത് ആയിരം എല്‍എന്‍ജി സ്റ്റേഷനുകള്‍ ഒരുക്കുക എന്നതാണ് അതില്‍ പ്രധാനപ്പെട്ട ഒന്ന്.
കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള എണ്ണ, പ്രകൃതിനവാതക കമ്പനിയാണ് പെട്രോനെറ്റ് എല്‍എന്‍ജി ലിമിറ്റഡ്. രാജ്യത്തേക്ക് എല്‍എന്‍ജി ഇറക്കുമതി ചെയ്യുകയും എല്‍എന്‍ജി ടെര്‍മിനലുകള്‍ സ്ഥാപിക്കുകയും ആണ് കമ്പനിയില്‍ നിക്ഷിപ്തമായ ഉത്തരവാദിത്തം. ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യ, ഓയില്‍ ആന്റ് നാച്വറല്‍ ഗ്യാസ് കോര്‍പ്പറേഷന്‍ ലിമിറ്റഡ്, ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍, ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ എന്നിവയുടെ സംയുക്ത സംരംഭമാണ് പെട്രോനെറ്റ് എല്‍എന്‍ജി.
187 ബില്യണ്‍ രൂപയുടെ പദ്ധതികളാണ് പെട്രോനെറ്റിന് മുന്നിലുള്ളത്. അടിസ്ഥാന സൗകര്യ വികസനവും ബിസിനസ് വികാസവും ആണ് ഇതുകൊണ്ട് ലക്ഷ്യം വക്കുന്നത്. രാജ്യത്തെ ഏറ്റവും വലിയ എല്‍എന്‍ജി ഇറക്കുമതി കമ്പനിയാണ് പെട്രോനെറ്റ്.
കൊച്ചി ടെര്‍മിനലില്‍ പുതിയ ജെട്ടി നിര്‍മിക്കാനും എല്‍എന്‍ജി ടാങ്കുകള്‍ നിര്‍മിക്കാനും 700 കോടിയാണ് വകയിരുത്തിയിരിക്കുന്നത്. ഈസ്റ്റ് കോസ്റ്റില്‍ പുതിയ ടെര്‍മിനല്‍ നിര്‍മിക്കാനും പദ്ധതിയുണ്ട്. അതിന് വേണ്ടി 1,540 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്.
അഞ്ച് വര്‍ഷം കൊണ്ട് രാജ്യത്ത് ആയിരം എല്‍എന്‍ജി സ്റ്റേഷനുകള്‍ ഒരുക്കാനും പദ്ധതിയുണ്ട്. ഇതിന് മാത്രമായി 8,000 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. 100 കംപ്രെസ്സ്ഡ് ബയോഗ്യാസ് പ്ലാന്റുകള്‍ നിര്‍മിക്കാന്‍ 4,000 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്.
രാജ്യത്ത് ഇന്ധന ഉപഭോഗത്തില്‍ വലിയ മാറ്റങ്ങള്‍ അടുത്ത ഒരു ദശാബ്ദത്തിനുള്ള ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. നിലവില്‍ ഇന്ധന ഉപഭോഗത്തിന്റെ വെറും 6.2 ശതമാനം മാത്രമാണ് എല്‍എന്‍ജി ഉള്‍പ്പെടെയുള്ള വാതകങ്ങള്‍. ഇത് 15 ശതമാനമാക്കി ഉയര്‍ത്തുകയാണ് ലക്ഷ്യം.