ദില്ലി: മഹാരാഷ്ട്ര, ജാര്‍ഖണ്ഡ് സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പും കേരളമടക്കം സംസ്ഥാനങ്ങളിലെ ഉപതെരഞ്ഞെടുപ്പുകളുടെയും തീയതികള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ വയനാട് പാലക്കാട് ചേലക്കര എന്നീ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പ് നവംബര്‍ പതിമൂന്നിന് നടക്കും. നവംബര്‍ 23നാകും വോട്ടെണ്ണല്‍. മഹാരാഷ്ടയില്‍ ഒറ്റഘട്ടമായി അടുത്തമാസം ഇരുപതിനും ജാര്‍ഖണ്ടില്‍ 13, 20 തീയതികളിലായി രണ്ടു ഘട്ടമായും തെരഞ്ഞെടുപ്പ് നടക്കും
ജമ്മു കശ്മീര്‍, ഹരിയാന സംസ്ഥാനങ്ങളിലെ ജനങ്ങള്‍ക്ക് അഭിനന്ദനങ്ങള്‍ അറിയിച്ചുകൊണ്ടാണ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍ വാര്‍ത്താ സമ്മേളനം ആരംഭിച്ചത്. ഐതിഹാസികമായ തെരഞ്ഞെടുപ്പാണ് ജമ്മു കശ്മീരില്‍ നടന്നതെന്ന് പറഞ്ഞ അദ്ദേഹം ജമ്മു കശ്മീരില്‍ പല വെല്ലുവിളികള്‍ മറികടന്നാണ് തെരഞ്ഞെടുപ്പ് പൂര്‍ത്തിയായതെന്നും ചൂണ്ടിക്കാട്ടി. എവിടെയും റീപോളിംഗ് നടത്തേണ്ടി വന്നില്ല. അതുപോലെ ഒരിടത്തും അക്രമസംഭവങ്ങളുമുണ്ടായില്ല. രണ്ട് സംസ്ഥാനങ്ങളിലെയും ജനങ്ങള്‍ വലിയ പിന്തുണ നല്‍കിയെന്നും അദ്ദേഹം പറഞ്ഞു. മഹാരാഷ്ട്രയിലും ജാര്‍ഖണ്ഡിലും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടത്തി. മഹാരാഷ്ട്രയില്‍ 9.36 കോടി വോട്ടര്‍മാരാണുള്ളത്. 20 ലക്ഷം പുതിയ വോട്ടര്‍മാരുമുണ്ട്. ഒരു ലക്ഷത്തിലേറെയാണ് പോളിംഗ് സ്‌റേഷനുകള്‍. ജാര്‍ഖണ്ഡില്‍ 2.6 കോടി വോട്ടര്‍മാരും 11.84 ലക്ഷം പുതിയ വോട്ടര്‍മാരുമാണുള്ളത്.
കേരളത്തിലെ മൂന്നു സീറ്റുകള്‍ പോളിംഗ് ബൂത്തിലേക്ക് പോകാന്‍ ഇനി 28 ദിവസം മാത്രം. വെള്ളിയാഴ്ച മുതല്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാം. പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി ഈ മാസം 25 ആണ്. സൂക്ഷ്മ പരിശോധന 28ന് നടക്കും. പിന്‍വലിക്കാനുള്ള തീയത് ഒക്ടോബര്‍ മുപ്പതും. ഇതിനു ശേഷം ആകെ പന്ത്രണ്ട് ദിവസത്തെ പ്രചാരണമാകും ബാക്കി. ജാര്‍ഖണ്ടിലെ ആദ്യ ഘട്ട വോട്ടെടുപ്പിനൊപ്പം കേരളം അടക്കുമുള്ള സംസ്ഥാനങ്ങളിലെ ഉപതെരഞ്ഞെടുപ്പ്.
43 സീറ്റിലേക്കാവും ജാര്‍ഖണ്ടില്‍ 13ന് ആദ്യ ഘട്ട വോട്ടിംഗ്. 38 സീറ്റുകളിലേക്കുള്ള രണ്ടാം ഘട്ട വോട്ടെടുപ്പ് നവംബര്‍ ഇരുപതിന് നടക്കും. മഹാരാഷ്ട്രയിലെ 288 സീറ്റുകളില്‍ ഒറ്റ ഘട്ടമായി വോട്ടെടുപ്പ് പൂര്‍ത്തിയാകും. ഹരിയാനയില്‍ ഇവിഎം ക്രമക്കേട് നടന്നു എന്ന ആരോപണം കമ്മീഷന്‍ തള്ളി. ആരോപണം ഉന്നയിച്ചവര്‍ക്ക് മറുപടി നല്കും. പേജര്‍ സ്‌ഫോടനം പോലെ ഇവിഎം നിയന്ത്രിക്കാം എന്നത് അസംബന്ധമെന്നും കമ്മീഷന്‍ അറിയിച്ചുലോക്‌സഭ തെരഞ്ഞെടുപ്പിന് ശേഷമുള്ള ഏറ്റവും പ്രധാന തെരഞ്ഞെടുപ്പാണ് ഒമ്പതര കോടി വോട്ടര്‍മാരുള്ള മഹാരാഷ്ട്രയില്‍ നടക്കാന്‍ പോകുന്നത്.