ദില്ലി: രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണത്തില്‍ വലിയ വര്‍ധനവ്. 24 മണിക്കൂറിനിടെ 1,94,720 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.05 ശതമാനമായി ഉയര്‍ന്നു. 442 മരണമാണ് ഇന്നലെ കൊവിഡ് മൂലമെന്ന് സ്ഥിരീകരിച്ചത്. 9,55,319 പേരാണ് നിലവില്‍ വിവിധ സംസ്ഥാനങ്ങളിലായി ചികിത്സയിലുള്ളത്. ആകെ കൊവിഡ് മരണനിരക്ക് 4,84,655 ആയി.
രാജ്യത്തെ ഒമിക്രോണ്‍ കേസുകളുടെ എണ്ണം അയ്യായിരത്തിനടുത്തെത്തി. ഇന്നലെ 4868 പേര്‍ക്കാണ് രോഗബാധയുണ്ടായത്. ഏറ്റവും കൂടുതല്‍ രോഗികളുള്ളത് മഹാരാഷ്ട്രയിലാണ്. 1282 കേസുകള്‍. 1,805 പേര്‍ ഒമിക്രോണില്‍ നിന്നും രോഗമുക്തി നേടി. ഇതിനിടെ ഇന്ത്യയിലെ കൊവിഡ് വാക്സിന്‍ ഡോസുകളുടെ വിതരണം 153 കോടി പിന്നിട്ടതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
അതേസമയം സംസ്ഥാനത്തെ കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നത് ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗം ചര്‍ച്ച ചെയ്യും. കേസുകള്‍ ഉയരുന്നതുകൊണ്ട് ചില മേഖലകളില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച് തീരുമാനമുണ്ടാകും. കേന്ദ്രനിര്‍ദേശ പ്രകാരം കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തേണ്ട ആശുപത്രികളുടെ പട്ടിക ആരോഗ്യമന്ത്രി വീണാ ജോര്‍ജ് യോഗത്തില്‍ അവതരിപ്പിക്കും.
ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് കൂടുതലായി ഒമിക്രോണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നതുകൊണ്ട് എല്ലാ ജില്ലകളിലും പരിശോധന വര്‍ധിപ്പിക്കാനുള്ള തീരുമാനം ആരോഗ്യവകുപ്പ് എടുത്തിരുന്നു. ഇതിന്റെ തുടര്‍ തീരുമാനങ്ങളും ഇന്ന് യോഗത്തിലുണ്ടാകും.