ദില്ലി: 69-ാമത് ദേശീയ ചലച്ചിത്ര അവാര്‍ഡുകളുടെ പ്രഖ്യാപനം ഇന്ന് വൈകിട്ട്. 2021ലെ ചിത്രങ്ങള്‍ക്കുള്ള അവാര്‍ഡുകളാണ് പ്രഖ്യാപിക്കുക. ബേസില്‍ ജോസഫ് സംവിധാനം ചെയ്ത മിന്നല്‍ മുരളി, ഉണ്ണി മുകുന്ദന്‍ കേന്ദ്ര കഥാപാത്രമായ മേപ്പടിയാന്‍, ഷാഹി കബീര്‍ അണിയിച്ചൊരുക്കിയ നായാട്ട് എന്നീ മലയാളചിത്രങ്ങള്‍ മത്സരരംഗത്തുണ്ട്. കഴിഞ്ഞ തവണ മികച്ച സംവിധായകന്‍ ഉള്‍പ്പെടെ എട്ട് അവാര്‍ഡുകളില്‍ മലയാളിത്തിളക്കമുണ്ടായിരുന്നു.
രാജമൗലി സംവിധാനം ചെയ്ത ഓസ്‌കാര്‍ ചിത്രം ആര്‍ആര്‍ആര്‍ മത്സരരംഗത്തുണ്ട്. 'റോക്കട്രി: ദ നമ്പി എഫക്റ്റ്' എന്ന ചിത്രത്തില്‍ ഐഎസ്ആര്‍ഒ മുന്‍ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്റെ വേഷത്തിലെത്തിയ ആര്‍ മാധവനും കശ്മീര്‍ ഫയല്‍സിലെ അഭിനയത്തിന് അനുപം ഖേറും 'മികച്ച നടന്‍' വിഭാഗത്തില്‍ മത്സരിക്കുന്നുണ്ട്. രേവതി മികച്ച നടിക്കുള്ള മല്‍സരപട്ടികയിലുണ്ട്.
'അയ്യപ്പനും കോശിയും' ഒരുക്കിയ പരേതനായ സച്ചിയായിരുന്നു കഴിഞ്ഞ തവണത്തെ മികച്ച സംവിധായകന്‍. തമിഴ്‌സിനിമ 'സൂററൈ പോട്രിലെ' അഭിനയത്തിന് മികച്ച നടിയായി അപര്‍ണ ബലമുരളിയും തിരഞ്ഞെടുക്കപ്പെട്ടിരുന്നു. അതേസിനിമയില്‍ നായകവേഷത്തിലെത്തിയ സൂര്യയും 'തന്‍ഹാജി: ദി അണ്‍സങ് വാരിയര്‍' എന്ന സിനിമയിലെ അഭിനയത്തിന് അജയ് ദേവ്ഗണുമായിരുന്നു മികച്ച നടനുള്ള പുരസ്‌കാരം പങ്കിട്ടത്.
നാഷണല്‍ ഫിലിം ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ 2023 മാര്‍ച്ച് 31നാണ് അവാര്‍ഡിന് വേണ്ടിയുള്ള ഓണ്‍ലൈന്‍ എന്‍ട്രികള്‍ ക്ഷണിച്ചത്. ഇക്കഴിഞ്ഞ മെയ് പത്തിനായിരുന്നു എന്‍ട്രികള്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി. കഴിഞ്ഞ വര്‍ഷം മേയില്‍ നടക്കേണ്ട അവാര്‍ഡ് പ്രഖ്യാപനം കോവിഡ് മൂലമാണ് ഇത്രത്തോളം വൈകിയത്