റിയാദ് സീസണ്‍ ഫെസ്റ്റിവലിനെ വരവേല്‍ക്കാനൊരുങ്ങി സൗദി അറേബ്യ
റിയാദ്: സൗദി അറേബ്യയിലെ ഏറ്റവും വലിയ കലാ, സംഗീത, കായിക, വിനോദ ഉത്സവമായ റിയാദ് സീസണ്‍ ഫെസ്റ്റിവലിനെ വരവേല്‍ക്കാന്‍ രാജ്യം ഒരുങ്ങി. അഞ്ച് മാസം നീണ്ടു നില്‍ക്കുന്ന റിയാദ് സീസണ്‍ ഫെസ്റ്റിവലിന് ഒക്ടോബര്‍ 20ന് തുടക്കമാകുമെന്ന് സംഘാടകരായ ജനറല്‍ എന്റര്‍ടൈന്‍മെന്റ് അതോറിറ്റിയുടെ ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാന്‍ തുര്‍ക്കി അല്‍ ശെയ്ഖ് അറിയിച്ചു. 7500ത്തിലേറെ വ്യത്യസ്ത വിനോദ പരിപാടികളുമായി നടക്കുന്ന ഫെസ്റ്റിവലില്‍ രണ്ട് കോടി സന്ദര്‍ശകരെയാണ് ഇത്തവണത്തെ പ്രതീക്ഷിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
എല്ലാവിധ അഭിരുചികളുള്ളവര്‍ക്കും ആസ്വദിക്കാനാവുന്ന വിധം വൈവിധ്യപൂര്‍ണമായ പരിപാടികളാണ് റിയാദ് സീസണ്‍ ഫെസ്റ്റിവലിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. സംഗീതവും നൃത്തവും കലയും സിനിമയും നാടകവും കളിയും വിനോദവും ഗുസ്തിയും ഫുട്ബോളും സ്റ്റേജ് ഷോകളും ഭക്ഷണ സ്റ്റാളുകളും എല്ലാം അടങ്ങിയതാണ് ഫെസ്റ്റിവല്‍. ഒക്ടോബര്‍ 20ന് തുടങ്ങി മാര്‍ച്ച് വരെ നീണ്ടു നില്‍ക്കുന്ന അഞ്ച് മാസം ആഘോഷത്തിന്റെ ദിനരാത്രങ്ങളെയാണ് സൗദി കാത്തിരിക്കുന്നത്.
തലസ്ഥാന നഗരി ഉള്‍ക്കൊള്ളുന്ന റിയാദിലെ 14 ജില്ലകളിലായി 54 ലക്ഷം ചതുരശ്ര മീറ്റര്‍ പ്രദേശത്ത് വ്യാപിച്ചു കിടക്കുന്ന റിയാദ് സീസണ്‍ ഫെസ്റ്റിവലിന്റെ പ്രമേയം 'ഇമേജിന്‍ മോര്‍' (കൂടുതല്‍ സങ്കല്‍പ്പിക്കൂ) എന്നതാണ്. 11 വെന്യുകളിലായി 70 അറബ് സംഗീത പരിപാടികള്‍, ആറ് അന്താരാഷ്ട്ര കണ്‍സേര്‍ട്ടുകള്‍, 10 അന്താരാഷ്ട്ര പ്രദര്‍ശനങ്ങള്‍, 350 നാടക പ്രദര്‍ശനങ്ങള്‍, റെസ്ലിംഗ് ചാംപ്യന്‍ഷിപ്പ്, പിഎസ്ജി ക്ലബ് പങ്കെടുക്കുന്ന ഫുട്‌ബോള്‍ മത്സരം ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര ടൂര്‍ണമെന്റുകള്‍, ഗെയിമിംഗ് ടൂര്‍ണമെന്റ് തുടങ്ങി 7500ലേറെ പരിപാടികള്‍ ഫെസ്റ്റിലവിന്റെ ഭാഗമായി നടക്കുമെന്ന് ജനറല്‍ എന്റര്‍ടൈന്‍മെന്റ് അതോറിറ്റി ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാന്‍ തുര്‍ക്കി അല്‍ ശെയ്ഖ് അറിയിച്ചു. 200 റസ്റ്റോറന്റുകളും 70 കഫേകളും നിരവധി കാറ്ററിംഗ് സര്‍വീസുകളും പരിപാടിയുടെ ഭാഗമാകും.
റെസ്ലിംഗ് ചാംപ്യന്‍ഷിപ്പിന്റെ ഭാഗമായി പ്രശസ്തമായ ഡബ്ല്യുഡബ്യുഇ ക്രൗണ്‍ ജുവല്‍ മല്‍സരം സംഘടിപ്പിക്കാനാണ് സംഘാടകര്‍ ലക്ഷ്യമിട്ടിരിക്കുന്നത്. ഒക്ടോബര്‍ 31ന് കിംഗ് ഫഹദ് ഇന്റര്‍നാഷനല്‍ സ്റ്റേഡിയത്തിലായിരിക്കും കാണികളെ ആവേശത്തിലാഴ്ത്തുന്ന മല്‍സരം അരങ്ങേറുക. ലയണല്‍ മെസ്സി, നെയ്മര്‍, കിലിയന്‍ എംബാപെ തുടങ്ങിയ താരങ്ങളെ പങ്കെടുപ്പിച്ചുകൊണ്ടാവും ഫുട്ബോള്‍ മല്‍സരം അരങ്ങേറുക. പ്രാദേശിക ക്ലബ്ബുകളായ അല്‍ ഹിലാല്‍, അല്‍ നസര്‍ തുടങ്ങിയവയും മല്‍സരത്തിന്റെ ഭാഗമാവും. ഡാന്‍സ് ഫെസ്റ്റിവലില്‍ യുഎഇ ഗായകന്‍ ഹുസൈന്‍ അല്‍ ജാസ്മി, ലബനീസ് പോപ് താരങ്ങളായ നാന്‍സി അജ്റാം, നവാല്‍ സോഗ്ബി, സിറിയന്‍ താരം അസ്സാല തുടങ്ങിയവരും പ്രാദേശിക താരങ്ങളും അണിനിരക്കും.
രാജ്യത്തെ ടൂറിസം, എക്‌സിബിഷന്‍ മേഖലകളുടെ വികസനം ലക്ഷ്യമിട്ട് സംഘടിപ്പിക്കുന്ന സീസണ്‍ ഫെസ്റ്റിവല്‍ വന്‍ വിജയമാക്കാനുള്ള ഒരുക്കങ്ങള്‍ അന്തിമ ഘട്ടത്തിലാണെന്നും തുര്‍ക്കി അല്‍ ശെയ്ഖ് അറിയിച്ചു. 2019ല്‍ ആരംഭിച്ച സീസണ്‍ ഫെസ്റ്റിവല്‍ കഴിഞ്ഞ വര്‍ഷം കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വേണ്ടെന്നു വച്ചിരുന്നു. 2019ല്‍ ഒരു കോടി പേരാണ് ഫെസ്റ്റിലില്‍ പങ്കാളികളായത്. കലാ- കായിക- സാംസ്‌ക്കാരിക പരിപാടികളിലൂടെ രാജ്യത്തിനകത്തും പുറത്തുമുള്ള വിവിധ സമൂഹങ്ങളെ ഒന്നിപ്പിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും സംഘാടകര്‍ അഭിപ്രായപ്പെട്ടു. സൗദി സമ്പദ് വ്യവസ്ഥയെ എണ്ണയിതര മേഖലകളിലൂടെ ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കുന്ന സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ വിഷന്‍ 2030 പദ്ധതികളുടെ ഭാഗമായാണ് റിയാദ് സീസണ്‍ ഫെസ്റ്റിവല്‍ ആരംഭിച്ചത്.
റിയാദ് സീസണ്‍ ഫെസ്റ്റിവലിനു സമാന്തരമായി സൗദിയിലെ സ്വപ്ന നഗരിയായ അല്‍ ഉലായില്‍ വിന്റര്‍ അറ്റ് തന്തൂറയും ഉത്സവം നടക്കുന്നുണ്ട്. ഡിസംബര്‍ 21ന് ആരംഭിച്ച് മാര്‍ച്ച് 27ന് അവസാനിക്കുന്ന പരിപാടി പ്രധാനമായും വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സംഘടിപ്പിക്കുന്നത്. വിവിധ വിനോദ, ടൂറിസം പരിപാടികള്‍ ഇതിന്റെ ഭാഗമായി നടക്കും. സ്പാന്‍ മ്യൂസിക്, കല, ഫാഷന്‍, ഭക്ഷ്യവിഭവങ്ങള്‍ തുടങ്ങിയവയ്ക്കൊപ്പം വിവിധ വിനോദ സഞ്ചാര പ്രവര്‍ത്തനങ്ങളും വിന്റര്‍ അറ്റ് തന്തൂറയുടെ ഭാഗമായി നടക്കും.