കിറ്റെക്‌സ് കുതിക്കുന്നു; നിക്ഷേപകര്‍ ആശങ്കയില്‍
കിറ്റെക്‌സ് ഓഹരികള്‍ കുതിപ്പ് തുടരുന്നു. ഇന്ന് വ്യാപാരത്തിന്റെ തുടക്കത്തില്‍ 10 ശതമാനം അപ്പര്‍ സര്‍ക്യൂട്ട് തൊട്ടുകൊണ്ടാണ് കിറ്റെക്‌സ് ഗാര്‍മെന്റ്‌സിന്റെ വ്യാപാരം ആരംഭിച്ചത്. തുടക്കത്തില്‍ തന്നെ കമ്പനിയുടെ ഓഹരി വില 204.05 രൂപയിലെത്തി. ഓഹരി വിലയില്‍ ഇന്നുണ്ടായ മാറ്റം 18.55 രൂപ. ചൊവ്വാഴ്ച 185.50 രൂപയാണ് വ്യാപാരം അവസാനിപ്പിച്ചത്.
നിലവില്‍ 52 ആഴ്ച്ചക്കിടയിലെ ഏറ്റവും ഉയര്‍ന്ന നിലയിലാണ് കിറ്റെക്‌സിന്റെ ഓഹരികള്‍. ഇന്നത്തെ നേട്ടം കൂടി വിലയിരുത്തുകയാണെങ്കില്‍ കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ കിറ്റെക്‌സ് ഗാര്‍മെന്റ്‌സ് ലിമിറ്റഡിന്റെ ഓഹരികള്‍ 82.68 ശതമാനം ഉയര്‍ന്നത് കാണാം. ജൂലായ് ഏഴിന് 109 രൂപയുണ്ടായിരുന്ന കിറ്റെക്‌സ് ഓഹരി വില 92.35 രൂപ വര്‍ധിച്ച് 204.05 രൂപയിലേക്ക് ഇന്നെത്തി.
അതേസമയം, പ്രധാന പ്രമോട്ടര്‍മാര്‍ കിറ്റെക്‌സ്് ഓഹരികള്‍ കൂട്ടമായി വില്‍ക്കുന്നത് നിക്ഷേപകര്‍ക്കിടിയില്‍ ആശങ്കയ്ക്കിടയാക്കുന്നുണ്ട്. കഴിഞ്ഞ മൂന്ന് ദിവസത്തെ വ്യാപരം നോക്കുകയാണെങ്കില്‍ 12 ലക്ഷം കിറ്റെക്്‌സ് ഓഹരികളാണ് പ്രമോട്ടര്‍മാര്‍ വിറ്റത്. ഓഹരി വില കുതിക്കുന്നതിനിടെ പ്രധാന നിക്ഷേപകര്‍ അഥവാ പ്രമോട്ടര്‍മാര്‍ പിന്‍മാറുന്നത് വിപണിയെ മോശം പ്രവണതയാണ്.
നിലവില്‍ ഏഴു പേരാണ് കിറ്റെക്സ് ഗാര്‍മെന്റ്സ് ലിമിറ്റഡില്‍ പ്രധാന നിക്ഷേപകരായി ഉള്ളത്. സാബു ജേക്കബ്, കിറ്റെക്സ് ചില്‍ഡ്രന്‍സ്വെയര്‍ ലിമിറ്റഡ്, രഞ്ജിത ജോസഫ്, ഗോപിനാഥന്‍ സികെ, സികെജി സൂപ്പര്‍ മാര്‍ക്കറ്റ് ലിമിറ്റഡ്, സികെ ജിന്‍ഷ നാഥ്, സികെജി ഫൈനാന്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവര്‍ ചേര്‍ന്ന് കമ്പനിയുടെ 70 ശതമാനം ഓഹരി പങ്കിടുന്നു. വ്യക്തിഗത നിക്ഷേപകര്‍ കിറ്റെക്സില്‍ 29.94 ശതമാനം ഓഹരികളും വാങ്ങിയിട്ടുണ്ട്.