സര്‍വേ നടത്താതെ സില്‍വര്‍ലൈനിന് 955 ഹെക്ടര്‍ ഭൂമി വേണമെന്ന് എങ്ങനെ മനസിലായെന്ന് ഹൈക്കോടതി
കൊച്ചി: സില്‍വര്‍ ലൈന്‍ പദ്ധതിയുടെ സ്ഥലം ഏറ്റെടുക്കല്‍ നടപടികള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. സ്ഥലം ഏറ്റെടുക്കുന്നതിനുള്ള സംസ്ഥാന സര്‍ക്കാര്‍ വിജ്ഞാപനം നിയമവിരുദ്ധമെന്ന് ഹര്‍ജിക്കാര്‍ ആരോപിച്ചു. സില്‍വര്‍ ലൈന്‍ പദ്ധതിയുടെ ഭാഗമായി സ്ഥലം നഷ്ടപ്പെടുന്ന നാല് ഭൂവുടമകളാണ് ഹൈക്കോടതിയെ സമീപിച്ചത്.
കേന്ദ്ര അനുമതിയില്ലാതെ റെയില്‍വെ പദ്ധതികള്‍ക്കായി സംസ്ഥാന സര്‍ക്കാരിന് ഭൂമി ഏറ്റെടുക്കാനാവില്ലെന്ന് ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി. കെ റെയില്‍ പദ്ധതിക്ക് ഭൂമി ഏറ്റെടുക്കാനുള്ള അധികാരം കേന്ദ്രസര്‍ക്കാരിനാണെന്നും ഹര്‍ജിയില്‍ പറയുന്നു. സ്ഥലം ഏറ്റെടുക്കല്‍ നടപടികള്‍ക്കുള്ള വിജ്ഞാപനം അടിയന്തരമായി സ്റ്റേ ചെയ്യണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.
സില്‍വര്‍ ലൈനിനായി 955 ഹെക്ടര്‍ ഭൂമി ഏറ്റെടുക്കണമെന്ന വിവരം സര്‍വേ നടത്താതെ എങ്ങനെ ലഭിച്ചെന്ന് ഹൈക്കോടതി സര്‍ക്കാരിനോട് ചോദിച്ചു. ശരിയായ സര്‍വേ നടത്താതെ ഏറ്റെടുക്കേണ്ട ഭൂമിയുടെ വിശദാംശങ്ങള്‍ എങ്ങനെയാണ് ലഭിച്ചതെന്നും കോടതി സര്‍ക്കാര്‍ അഭിഭാഷകനോട് ആരാഞ്ഞു. ഭൂമി ഏറ്റെടുക്കല്‍ റദ്ദാക്കണമെന്ന ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ ചോദ്യങ്ങള്‍. ഹര്‍ജി ഹൈക്കോടതി ബുധനാഴ്ച പരിഗണിക്കാനായി മാറ്റി.