ഓഹരി വിപണി നഷ്ടത്തില്‍ തുടക്കം; നിഫ്റ്റി 17,700 ന് താഴെ
മുംബൈ: ആഗോള കാരണങ്ങള്‍ രണ്ടാംദിവസവും വിപണിയെ നഷ്ടത്തിലാക്കി. നിഫ്റ്റി 17,700ന് താഴെയെത്തി. സെന്‍സെക്സ് 449 പോയന്റ് നഷ്ടത്തില്‍ 59,217ലും നിഫ്റ്റി 121 പോയന്റ് താഴ്ന്ന് 17,626ലുമാണ് വ്യാപാരം ആരംഭിച്ചത്.
പത്തുവര്‍ഷത്തെ യുഎസ് സര്‍ക്കാര്‍ കടപ്പത്ര നിരക്ക് 1.56ശതമാനത്തിലേക്ക് ഉയര്‍ന്നതാണ് ആഗോളതലത്തില്‍ വിപണികളെ ബാധിച്ചത്. നാസ്ദാക്ക്, എസ്ആന്‍ഡ്പി 500 സൂചികകള്‍ രണ്ടുശതമാനം നഷ്ടം നേരിട്ടു.
യുഎസ് ബോണ്ട് വരുമാനത്തിലെ വര്‍ധന ഓഹരി വിപണികളില്‍ തിരുത്തലിന് കാരണമായേക്കുമെന്ന് നേരത്തെതന്നെ നിക്ഷേപലോകം ചര്‍ച്ചചെയ്തിരുന്നു. പണപ്പെരുപ്പം ഉയര്‍ന്ന നിരക്കില്‍ കൂടുതല്‍ കാലം നിലനിന്നേക്കാമെന്ന ഫെഡറല്‍ മേധാവി ജെറോം പവലിന്റെ മുന്നിറിയിപ്പാണ് പെട്ടെന്ന് കടപ്പത്ര ആദായം വര്‍ധിക്കാന്‍ ഇടയാക്കിയത്. റിലയന്‍സ്, ഐടിസി, ബജാജ് ഫിന്‍സര്‍വ്, എല്‍ആന്‍ഡ്ടി, എച്ച്സിഎല്‍ ടെക്, ഏഷ്യന്‍ പെയിന്റ്സ്, ടിസിഎസ്,
ടൈറ്റാന്‍, ബജാജ് ഫിന്‍സര്‍വ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ആക്സിസ് ബാങ്ക് തുടങ്ങിയ ഓഹരികളാണ് നഷ്ടത്തില്‍. പവര്‍ഗ്രിഡ്, അള്‍ട്രടെക് സിമെന്റ്സ്, സണ്‍ ഫാര്‍മ, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ടാറ്റ സ്റ്റീല്‍ തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലുമാണ്.
നിഫ്റ്റി ബാങ്ക്, ഓട്ടോ, റിയാല്‍റ്റി, ഐടി സൂചികകള്‍ ഒരുശതമാനം താഴ്ന്നു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകള്‍ 0.5ശതമാനംവീതം താഴ്ന്നാണ് വ്യാപാരം നടത്തുന്നത്.