തിരുവനന്തപുരം: രണ്ടാം വന്ദേഭാരതിന് മലപ്പുറം ജില്ലയിലെ തിരൂരില്‍ സ്റ്റോപ് അനുവദിച്ചു. റെയില്‍വേ ഇക്കാര്യം അറിയിച്ചതായി ഇ ടി മുഹമ്മദ് ബഷീര്‍ എംപി പറഞ്ഞു. ആദ്യ വന്ദേ ഭാരതിനും തിരൂരില്‍ സ്റ്റോപ് അനുവദിക്കണം എന്ന് ആവശ്യപ്പെട്ടതായും ശ്രമം തുടരും എന്നും ഇടി മുഹമ്മദ് ബഷീര്‍ പറഞ്ഞു. പുതിയ വന്ദേഭാരതിന് മലപ്പുറം ജില്ലയിലെ പ്രധാന സ്റ്റേഷനായ തിരൂരിലാണ് സ്റ്റേഷന്‍ അനുവദിച്ചിരിക്കുന്നത്. വലിയ പ്രതിഷേധങ്ങള്‍ക്ക് ശേഷമാണ് ഇപ്പോള്‍ ശുഭവാര്‍ത്ത എത്തിയിരിക്കുന്നത്.
കേരളത്തിന് അനുവദിച്ച രണ്ടാം വന്ദേഭാരത് ഉദ്ഘാടനം ഇത്തവണ കാസര്‍കോട് നിന്നാണ്. ആദ്യത്തെ വന്ദേഭാരത് തിരുവനന്തപുരത്ത് നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഫ്‌ലാ?ഗ് ഓഫ് ചെയ്തത്. രണ്ടാം വന്ദേഭാരത് ഞായറാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടിന് പ്രധാനമന്ത്രി നരേന്ദ്രമോദി ഓണ്‍ലൈന്‍ വഴി ഫ്‌ലാഗ് ഓഫ് ചെയ്യും. കാസര്‍കോട് റെയില്‍വേ സ്റ്റേഷനില്‍ ഇതിനായി വിപുലമായ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. കേരളത്തിന് അനുവദിച്ച രണ്ടാം വന്ദേഭാരത് ട്രെയിനിന്റെ രണ്ടാമത്തെ ട്രയല്‍ റണ്‍ ഇന്ന് രാവിലെ ഏഴ് മണിക്ക് കാസര്‍കോട് നിന്ന് ആരംഭിച്ചു.
വൈകീട്ട് 3.05 ന് തിരുവനന്തപുരത്ത് എത്തും. ആദ്യ ട്രയല്‍ റണ്‍ തിരുവനന്തപുരത്ത് നിന്ന് ഏഴര മണിക്കൂര്‍ സമയത്തില്‍ കാസര്‍കോട്ട് ഓടിയെത്തി വിജയകരമായി പൂര്‍ത്തിയാക്കിയിരുന്നു. ഇന്നലെ വൈകുന്നേരം 4.05 ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട വന്ദേഭാരത് രാത്രി 11.35 ന് കാസര്‍കോട്ട് എത്തി. ഞായറാഴ്ച ഫ്‌ലാഗ്ഓഫിനു ശേഷം കാസര്‍കോട് നിന്ന് പുറപ്പെടും. തുടര്‍ന്ന് 12 സ്റ്റേഷനുകളില്‍ സ്വീകരണം നല്‍കും. പയ്യന്നൂര്‍, കണ്ണൂര്‍, തലശ്ശേരി, കോഴിക്കോട്, തിരൂര്‍, ഷൊര്‍ണൂര്‍, തൃശൂര്‍, എറണാകുളം, ആലപ്പുഴ, കായംകുളം, കൊല്ലം എന്നിവിടങ്ങളിലാണ് സ്വീകരണം ഒരുക്കുക.
തിങ്കളാഴ്ച തിരുവനന്തപുരം- കാസര്‍കോട് റൂട്ടിലും ചൊവ്വാഴ്ച കാസര്‍കോട് -തിരുവനന്തപുരം റൂട്ടിലും സര്‍വീസ് ഉണ്ടാകില്ല. അറ്റകുറ്റപ്പണിക്കായാണ് രണ്ട് ദിവസം നിര്‍ത്തിയിടുന്നത്. ഉദ്ഘാടനം 24ന് നടക്കുമെങ്കിലും ടിക്കറ്റെടുത്തുള്ള സര്‍വീസ് 26നാണ് തുടങ്ങുക. കാസര്‍കോട് സ്റ്റേഷന്റെ മൂന്നാം പ്ലാറ്റ്‌ഫോമിലാണ് വന്ദേഭാരത് ഹാള്‍ട്ട് ചെയ്യുക. സുരക്ഷാ പ്രശ്‌നം പരിഹരിക്കാനായി ഇവിടെ 40 നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കുകയും കൂടുതല്‍ ആര്‍പിഎഫ് ജീവനക്കാരെ നിയമിക്കുകയും ചെയ്യുമെന്ന് റെയില്‍വേ അറിയിച്ചു. പരിശോധനക്കായി റെയില്‍വേ പാലക്കാട് ഡിവിഷന്‍ മാനേജര്‍ ഉള്‍പ്പെടെയുള്ള സംഘം കാസര്‍കോട് എത്തിയിരുന്നു