മാതൃകയായി വയനാട് ജില്ലാ കളക്ടര്‍
വൈറലായി ഷെല്‍ട്ടര്‍ ഹോമിലെ നൃത്തം
മാനന്തവാടി: ഷെല്‍ട്ടര്‍ഹോം അന്തേവാസികളുടെ സന്തോഷങ്ങള്‍ക്ക് നിറംപകര്‍ന്ന് കളക്ടര്‍ എ. ഗീതയുടെ നൃത്തം. ഷെല്‍ട്ടര്‍ഹോമില്‍നിന്ന് കൊച്ചുകൊച്ചു സന്തോഷങ്ങള്‍ എന്ന ചിത്രത്തിലെ 'ഘനശ്യാമ വൃന്ദാരണ്യം രാസകേളി നാദം' എന്ന ഗാനത്തിന് കളക്ടര്‍ ചുവടുവെച്ചതാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായത്. പാറത്തോട്ടം വികസനസമിതിയുടെ മാനന്തവാടി ശാന്തിനഗറിലെ ഷെല്‍ട്ടര്‍ഹോമിലെ റെജീനയുടെ വിവാഹത്തലേന്ന് എത്തിയതായിരുന്നു കളക്ടര്‍. കലാപരിപാടികളില്‍ കളക്ടറും പങ്കെടുത്തപ്പോള്‍ ആഘോഷം കളറായി. മൂന്നുമണിക്കൂറാണ് കളക്ടര്‍ അന്തേവാസികള്‍ക്കൊപ്പം സന്തോഷം പങ്കിട്ടത്.
വധു റെജീനയ്ക്ക് വസ്ത്രങ്ങളും മറ്റുള്ളവര്‍ക്ക് മധുരപലഹാരങ്ങളും നല്‍കിയാണ് കളക്ടറും സംഘവും മടങ്ങിയത്. തിങ്കളാഴ്ചയായിരുന്നു റെജീനയും തലപ്പുഴ പുതിയിടം സ്വദേശി വിനോയിയും തമ്മിലുള്ള വിവാഹം. ഷെല്‍ട്ടര്‍ഹോമിലെ നാലാമത്തെ വിവാഹമാണിത്.