ഇസ്ലാമാബാദ്: കടുത്ത രാഷ്ട്രീയ പ്രതിസന്ധിയില്‍ അകപ്പെട്ട് പാകിസ്ഥാന്‍. പഹല്‍ഗാം ഭീകരാക്രമണത്തില്‍ ഇന്ത്യ തിരിച്ചടി തുടങ്ങിയതിന് പിന്നാലെ, രാജ്യത്തെ അസ്ഥിര രാഷ്ട്രീയ കാലാവസ്ഥ മുതലെടുത്ത് ബലൂചിസ്ഥാന്‍ വിഘടനവാദികളായ ബിഎല്‍എസും ആക്രമണം കടുപ്പിച്ചു. തൊട്ടുപിന്നാലെയാണ് ഇമ്രാന്‍ ഖാനെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് അദ്ദേഹത്തിന്റെ അനുയായികള്‍ രാജ്യവ്യാപക പ്രക്ഷോഭത്തിന് തുടക്കമിടുകയും ചെയ്തു. ഇന്ത്യ നടത്തിയ 'ഓപറേഷന്‍ സിന്ദൂറിന്' പിന്നാലെ ഷെഹ്ബാസ് ഷെരീഫ് സര്‍ക്കാരിന് തലവേദന സൃഷ്ടിച്ചുകൊണ്ട് രാജ്യത്തിനകത്ത് സായുധസംഘങ്ങള്‍ ശക്തി പ്രാപിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു.
ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മി (ബിഎല്‍എ) സാഹചര്യം മുതലെടുത്ത് ആക്രമണം കടുപ്പിക്കുകയാണ്. കഴിഞ്ഞ ദിവസം നടത്തിയ ആക്രമണങ്ങളില്‍ 14 സൈനികരെയാണ് വധിച്ചത്. ബോളന്‍, കെച്ച് മേഖലകളില്‍ നടന്ന രണ്ട് വ്യത്യസ്ത ആക്രമണങ്ങളുടെ ഉത്തരവാദിത്തം ബലൂച് ലിബറേഷന്‍ ആര്‍മി ഏറ്റെടുത്തു. സ്‌പെഷല്‍ ഓപറേഷന്‍സ് കമാന്‍ഡര്‍ താരിഖ് ഇമ്രാന്‍, സുബേദാര്‍ ഉമര്‍ ഫാറൂഖ് എന്നിവരും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു.
ബലൂചിസ്ഥാനിലെ മാത്രമല്ല, അഫ്ഗാന്‍ അതിര്‍ത്തിയിലെ അസ്വസ്ഥതകളും പാക്കിസ്ഥാന് വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. അഫ്?ഗാനില്‍ നിന്ന് പാകിസ്ഥാനിലേക്ക് നുഴഞ്ഞുകയറ്റമുണ്ടാകുന്നതും താലിബാന്റെ ഭീകരവാദവും പാകിസ്ഥാന് തലവേ?ദനയാണ്. കഴിഞ്ഞയാഴ്ച ഏറ്റവും വലിയ സൈനിക നടപടിയാണ് അഫ്?ഗാന്‍ അതിര്‍ത്തിയില്‍ പാക് സൈന്യം നടത്തിയത്.
ഇതിനിടെയാണ് തെഹ്‌രികെ ഇന്‍സാഫ് പാര്‍ട്ടി നേതാവും പാകിസ്ഥാന്റെ മുന്‍ പ്രധാനമന്ത്രിയുമായ ഇമ്രാന്‍ ഖാന്റെ മോചനം ആവശ്യപ്പെട്ട് അനുയായികള്‍ തെരുവിലിറങ്ങിയത്. ലാഹോറിലാണ് ജനങ്ങള്‍ ഇമ്രാന്‍ ഖാന്റ മോചനം ആവശ്യപ്പെട്ട് തെരുവിലിറങ്ങിയത്. പാകിസ്ഥാനില്‍ ഇന്ത്യ കനത്ത തിരിച്ചടി നടത്തുന്നതിനിടെയാണിത്. പാകിസ്ഥാനെ രക്ഷിക്കാന്‍ ഇമ്രാന്‍ ഖാനെ മോചിപ്പിക്കണം എന്നാണ് പിടിഐ പ്രവര്‍ത്തകരുടെ ആവശ്യം.
ഇസ്ലാമാബാദിലും ലാഹോറിലും കറാച്ചിയിലുമെല്ലാം ഇന്ത്യ സേന മിസൈല്‍ വര്‍ഷിക്കുന്നതിനിടെയാണ് പിടിഐ പ്രവര്‍ത്തകര്‍ ഇമ്രാന്റെ മോചനം ആവശ്യപ്പെടുന്നത്. കഴിഞ്ഞ ദിവസം പാക്ക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് ദേശീയ സുരക്ഷാ കൗണ്‍സില്‍ യോഗം വിളിച്ചിരുന്നു.