ദിലീപ് ഉള്‍പ്പെട്ട വധഗൂഢാലോചന കേസ്; ഹാക്കര്‍ മാപ്പുസാക്ഷിയാകും
 



കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ കൊല്ലാന്‍ ഗൂഢാലോചന നടത്തിയ കേസില്‍ ഹാക്കര്‍ സായ് ശങ്കറിനെ മാപ്പുസാക്ഷിയാക്കാന്‍ ക്രൈം ബ്രാഞ്ച് കോടതിയെ സമീപിച്ചു. ആലുവ മജിസ്‌ട്രേറ്റ് കോടതിയില്‍ ആണ് ക്രൈംബ്രാഞ്ച് അപേക്ഷ നല്‍കിയത്. സായ് ശങ്കറിന് കോടതി നോട്ടീസ് അയച്ചു. നാളെ വൈകിട്ട് മൂന്ന് മണിക്ക് കോടതിയില്‍ ഹാജരാകണമെന്നാണ് നിര്‍ദ്ദേശം. അതേസമയം, നടിയെ ആക്രമിച്ച കേസില്‍ കൂറുമാറിയവരുടെ മൊഴി വീണ്ടും രേഖപ്പെടുത്തുന്നു. കേസിലെ പ്രധാന സാക്ഷിയായ സാഗര്‍ അടക്കമുളളവരുടെ മൊഴിയെടുക്കല്‍ തുടരുകയാണ്. സിനിമാ മേഖലയില്‍ നിന്നടക്കമുളളവര്‍ക്ക് വരും ദിവസങ്ങളില്‍ നോട്ടീസ് നല്‍കും. 

നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം മേയ് മുപ്പതിനകം അവസാനിപ്പിക്കണമെന്ന് ഹൈക്കോടതിയുടെ അന്ത്യശാസനം  നിലനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് ക്രൈംബ്രാഞ്ച് നടപടികള്‍ വേഗത്തിലാക്കിയത്. കേസിന്റെ വിസ്താരത്തിനിടെ സിനിമാ മേഖലയില്‍ നിന്നടക്കമുളള പ്രോസിക്യൂഷന്‍ സാക്ഷികളായ  20 പേര്‍ പ്രതിഭാഗത്തേക്ക് കൂറുമാറിയിരുന്നു. ദിലീപിനെതിരായ ഗൂഡാലോചനക്കുറ്റം തെളിയിക്കാന്‍ പറ്റിയ സാക്ഷികളും ഇക്കൂട്ടത്തില്‍ ഉണ്ടായിരുന്നു. കേസില്‍ നിര്‍ണായകമെന്ന് കരുതുന്ന ഇവരുടെ  മൊഴിയാണ് ക്രൈംബ്രാഞ്ച് വീണ്ടും രേഖപ്പെടുത്തുന്നത്. നടിയെ ആക്രമിച്ചതിന് പിന്നാലെ ഒളിവില്‍പ്പോയ മുഖ്യപ്രതി പള്‍സര്‍ സുനി പിന്നീട് കൊച്ചിയിലെ കാവ്യാ മാധവന്റെ  ലക്ഷ്യ എന്ന വസ്ത്രസ്ഥാപനത്തിലെത്തിയിരുന്നു. ദിലീപിനെ അന്വേഷിച്ചായിരുന്നു വന്നത്. എന്നാല്‍  വിസ്താര ഘട്ടത്തില്‍  സാഗര്‍ ഇക്കാര്യം മൊഴിമാറ്റി. സാക്ഷികളെ കൂറുമാറ്റാന്‍ ദിലീപും ഒപ്പമുളളവരും ശ്രമിച്ചതിന്റെ തെളിവുകള്‍ അന്വേഷണസംഘത്തിന്റെ പക്കലുണ്ട്. ഇത് മുന്‍നിര്‍ത്തിയാണ് വീണ്ടും വിളിച്ചുവരുത്തുന്നത്. കേസിന്റെ  വിസ്താരം പുനരാരംഭിക്കുമ്പോള്‍ ഈ  തെളിവുകള്‍ നിരത്തി സാക്ഷികള്‍ കൂറുമാറിയതിന്റെ  കാരണം കോടതിയെ ധരിപ്പിക്കാനാണ് നീക്കം.


 

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media