കോഴിക്കോട്: കോഴിക്കോട്ടെ സ്വകാര്യ മാളില്‍ സിനിമാ പ്രമോഷന്‍ ചടങ്ങിനെത്തിയ യുവനടിമാര്‍ക്ക് നേരെയുണ്ടായ ലൈംഗികാതിക്രമത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി. സംഭവം നടന്ന മാളിലെ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ ഡെപ്യൂട്ടി പൊലീസ് കമ്മീഷണറുടെ നേതൃത്വത്തില്‍ പരിശോധിച്ചു. രണ്ട് നടിമാരുടെയും വിശദമായ മൊഴി രേഖപ്പെടുത്തിയ ശേഷമാകും പന്തീരങ്കാവ് പൊലീസ് കേസ്സെടുക്കുക.
ചൊവ്വാഴ്ച കോഴിക്കോട്ടെ മാളില്‍ നടന്ന സിനിമ പ്രമോഷന്‍ ചടങ്ങ് കഴിഞ്ഞിറങ്ങും വഴിയാണ് രണ്ടുനടിമാര്‍ ലൈംഗിക അതിക്രമത്തിന് ഇരയായത്. അതിക്രമത്തിന് ഇരയായ നടി ഇക്കാര്യം ഇന്നലെ രാത്രി സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചതോടെയാണ് ഇക്കാര്യം പുറത്തറിഞ്ഞത്. ഇന്ന് രാവിലെ ഇവരുടെ പ്രമോഷന്‍ പരിപാടി നടത്തിയ സിനിമയുടെ നിര്‍മ്മാതാക്കളും പരാതിയുമായി പൊലീസിനെ സമീപിച്ചു.
കോഴിക്കോട് നിന്നും നടിമാരില്‍ ഒരാള്‍ കൊച്ചിയിലേക്ക് മടങ്ങി പോയപ്പോള്‍ മറ്റൊരാള്‍ കണ്ണൂരിലേക്കാണ് പോയത്. രണ്ട് നടിമാരേയും നേരില്‍ കണ്ട് മൊഴി രേഖപ്പെടുത്താന്‍ വനിതാ പൊലീസ് സംഘം പോയിട്ടുണ്ട്. മാളിലെ സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് പ്രതികളെ കണ്ടെത്താനുളള ശ്രമം തുടങ്ങിയെന്ന് പൊലീസ് അറിയിച്ചു. മോശം അനുഭവത്തെ തുടര്‍ന്ന് ഒരു നടി പ്രതികരിക്കുന്ന ദൃശ്യങ്ങളും പ്രചരിക്കുന്നുണ്ട്. ഇതും പരിശോധിക്കുന്നുണ്ട്. ഷോപ്പിംഗ് മാളിലെ ജീവനക്കാരില്‍ നിന്നുള്‍പ്പെടെ പൊലീസ് പ്രാഥമിക വിവര ശേഖരണം നടത്തി
അതിക്രമം നടത്തിയ ആളുകളെ ഏറെക്കുറെ തിരിച്ചറിയാന്‍ കഴിയുന്നുണ്ടെന്നാണ് പൊലീസ് നല്‍കുന്ന വിവരം. കേസ് എടുത്ത ഉടനെ തന്നെ സിസി ടിവി ദൃശ്യങ്ങടങ്ങിയ ഹാര്‍ഡ് ഡിസ്‌കും ശാസ്ത്രീയ പരിശോധനയ്ക്ക് വിധയേമാക്കും. പരിപാടി നടത്തിയ സമയത്ത് മാളിലെ സുരക്ഷാ ക്രമീകരണങ്ങളില്‍ പാളിച്ചയുണ്ടായോ എന്നതുള്‍പ്പെടെ പൊലീസ് അന്വേഷിക്കുന്നുണ്ട്.
പൊതുസ്ഥലത്ത് ഇത്തരമൊരു സംഭവം നടന്നത് ആശങ്കയുണ്ടാക്കുന്നതാണെന്നും അപലപനീയമെന്നും വനിത കമ്മീഷന്‍ അധ്യക്ഷ പ്രതികരിച്ചു. അടിയന്തിര നടപടികളെടുക്കാന്‍ പൊലീസിന് വനിതാ കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്