ഭൂപേന്ദ്ര പട്ടേല്‍ ഗുജറാത്ത് മുഖ്യമന്ത്രിയായി ചുമതലയേറ്റു
ഗാന്ധിനഗര്‍: ഗുജറാത്തിന്റെ പതിനേഴാമത് മുഖ്യമന്ത്രിയായി ഭൂപേന്ദ്ര പട്ടേല്‍ ചുമതലയേറ്റു. ഗവര്‍ണ്ണര്‍ ആചാര്യ ദേവവ്രത് സത്യവാചകം ചൊല്ലിക്കൊടുത്തു. ആഭ്യന്തരമന്ത്രി അമിത്ഷാ, ഗോവ, മധ്യപ്രദേശ്, ഹരിയാന മുഖ്യമന്ത്രിമാര്‍ തുടങ്ങിയവര്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തു. ഭൂപേന്ദ്ര പട്ടേലിനെ അഭിനന്ദിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി ഗുജാറാത്തിനെ പുതിയ വികസന പാതയിലേക്ക് നയിക്കാന്‍ അദ്ദേഹത്തിന് കഴിയട്ടെയെന്ന് ആശംസിച്ചു. സമൂഹത്തിന് വേണ്ടി അക്ഷീണം പ്രവര്‍ത്തിച്ചയാളായിരുന്നു മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണിയെന്നും ഭാവിയിലും ജനസേവനത്തില്‍ അദ്ദേഹം മുന്‍പന്തിയിലുണ്ടായിരിക്കുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.
ഇന്നലെ ബിജെപി നിയമസഭ കക്ഷിയോഗത്തിലാണ് ആനന്ദിബെന്‍ പട്ടേലിന്റെ വിശ്വസ്തനായ ഭൂപേന്ദ്ര പട്ടേലിനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചത്. ആദ്യ തവണ എംഎല്‍എയാകുന്ന ഭൂപേന്ദ്ര പട്ടേലിനെ മുഖ്യമന്ത്രിയാക്കാനുള്ള ബിജെപി തീരുമാനം അപ്രതീക്ഷിതം ആയിരുന്നു. പട്ടേല്‍ വിഭാഗത്തില്‍ നിന്നുള്ള കടുത്ത എതിര്‍പ്പ് മറികടക്കുകയെന്ന ലക്ഷ്യത്തോടെയാണ് അതേ വിഭാഗത്തില്‍ നിന്ന് തന്നെ ഒരാളെ മുഖ്യമന്ത്രിയാക്കാനുള്ള ബിജെപി തീരുമാനം. സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കളെയെല്ലാം വെട്ടിയാണ് ആദ്യമായി എംഎല്‍എ ആകുന്ന ഭൂപേന്ദ്ര പട്ടേലിനെ ബിജെപി മുഖ്യമന്ത്രിയാക്കുന്നത്. നേരത്തെ അഹമ്മദാബാദ് മുന്‍സിപ്പല്‍ കോര്‍പ്പറഷന്‍ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാനും അഹമ്മദാബാദ് അര്‍ബന്‍ ഡവലപ്പ്‌മെന്റ് അതോറിറ്റി ചെയര്‍മാനുമെല്ലാമായ ഭൂപേന്ദ്ര പട്ടേല്‍ 2017 ലാണ് ആദ്യമായി എംഎല്‍എ ആയത്.