മുല്ലപ്പെരിയാർ ഡാമിന്റെ ഷട്ടറുകൾ വീണ്ടും ഉയർത്തുന്നു; തമിഴ്നാട് കൂടുതൽ വെള്ളം കൊണ്ടുപോകണമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ
കുമളി: മുല്ലപ്പെരിയാർ ഡാമിന്റെ ഷട്ടറുകൾ കൂടുതൽ ഉയർത്തുന്നു. തുറന്നുവെച്ചിരിക്കുന്ന ഷട്ടറുകളാണ് വീണ്ടും ഉയർത്തുന്നത്. മൂന്ന് ഷട്ടറുകൾ 65 സെ.മീറ്റർ ആയാണ് ഉയർത്തുക. 11 മണിയോടെയായിരിക്കും ഇവ ഉയർത്തുക. 1650 ഘനയടി വെള്ളം ഒഴുക്കിവിടാനാണ് തീരുമാനം.
വെള്ളിയാഴ്ച രാത്രി ഡാമിലെ ഒരു ഷട്ടർ കൂടി 30 സെന്‍റിമീറ്റർ ഉയർത്തി വെള്ളം പുറത്തേക്ക് വിട്ടിരുന്നു. നിലവിൽ 825 ക്യൂമിക്സ് വെള്ളമാണ് പുറത്തേക്ക് വിടുന്നത്.
കേരളത്തിന്‍റെ ആവശ്യം പരിഗണിച്ചാണ് ഒരു ഷട്ടർ കൂടി തുറന്നത്. രണ്ട് ഷട്ടറുകള്‍ വഴി 550 ഘനയടി ഇന്നലെ രാവിലെ മുതല്‍ തുറന്നുവിട്ടിട്ടും ജലനിരപ്പ് കുറയാത്തതിനെ തുടർന്നാണ് നടപടി. 138.85 അടിയിലാണ് ഇപ്പോഴും ജലമുള്ളത്.
മുല്ലപ്പെരിയാറിലെ ജലം രാത്രിയോടെയാണ് ഇടുക്കി റിസർവോയറിലെത്തിയത്. കുറഞ്ഞ ശക്തിയില്‍ വെള്ളമൊഴുകിയതുകൊണ്ടാണ് ഇത്രയും വൈകാന്‍ കാരണം. മുല്ലപ്പെരിയാറിലെ വെള്ളം ഇടുക്കി ഡാമില്‍ സംഭരിക്കാനാകുമെന്നാണ് ഡാം അധികൃതരുടെ കണക്കുകൂട്ടല്‍.