ദില്ലി: യെമനിലെ ജയിലില്‍ കഴിയുന്ന മലയാളി നഴ്‌സ് നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാന്‍ ഊര്‍ജ്ജിത ശ്രമം തുടരുകയാണെന്ന് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍. ദയാധനം അംഗീകരിക്കുന്നതില്‍ കൊല്ലപ്പെട്ട യെമനി പൗരന്റെ കുടുംബം എടുക്കുന്ന അന്തിമ നിലപാട് നിര്‍ണ്ണായകമാകും. വധശിക്ഷ 16ന് നടപ്പാക്കാനാണ് നിലവിലെ തീരുമാനമെന്ന വിവരം സനയിലെ ഇന്ത്യന്‍ അധികൃതര്‍ക്കും കിട്ടി.
യെമന്‍ പൗരന്‍ തലാല്‍ അബ്ദുമഹ്ദിയെ കൊലപ്പെടുത്തിയ കേസില്‍ നിമിഷ പ്രിയയുടെ വധശിക്ഷ ഒഴിവാക്കുന്നതില്‍ കേന്ദ്ര സര്‍ക്കാരിന് പരിമിതികളുണ്ടെന്ന് വിദേശകാര്യസഹമന്ത്രി കീര്‍ത്തിവര്‍ധന്‍ സിംഗ് നേരത്തെ പറഞ്ഞിരുന്നു. രാജ്യസഭയില്‍ ജോണ്‍ ബ്രിട്ടാസ് ഉന്നയിച്ച ചോദ്യത്തിന് മന്ത്രി നല്‍കിയ മറുപടി വലിയ ബഹളത്തിന് ഇടയാക്കിയിരുന്നു. വിഷയം ഇപ്പോഴും ഇതേ നിലയ്ക്ക് തുടരുന്നു എന്ന സൂചനയാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്നത്. ഹൂതികളുടെ നിയന്ത്രണത്തിലുള്ള യമനിലെ സനയില്‍ ഇന്ത്യയ്ക്ക് ഒരു ഓഫീസാണ് ഇപ്പോഴുള്ളത്. നയതന്ത്രവിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നത് സൗദിയില്‍ നിന്നാണ്. ദില്ലി ഹൈക്കോടതി നിര്‍ദ്ദേശം അനുസരിച്ച് നിമിഷപ്രിയയുടെ അമ്മയ്ക്ക് സനയിലേക്ക് പോകാന്‍ കേന്ദ്രം സൗകര്യം ഒരുക്കിയിരുന്നു. കുടുംബവുമായും വിഷയത്തില്‍ ഇടപെട്ട ആക്ഷന്‍ കൗണ്‍സില്‍ പ്രതിനിധികളുമായും ചേര്‍ന്ന് സര്‍ക്കാരും മോചനത്തിനുള്ള വഴികള്‍ തേടിയിരുന്നു.
അടുത്ത ബുധനാഴ്ച വധിക്ഷ നടപ്പാക്കും എന്ന വിവരം ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്കും കിട്ടിയിട്ടുണ്ട്. എന്നാല്‍ യെമന്‍ പൗരന്റെ കുടുംബം ഇപ്പോഴും ദയാധനം സ്വീകരിക്കാന്‍ തയ്യാറായിട്ടില്ല. കുടുംബം തന്നെ തീരുമാനം എടുക്കണമെന്നാണ് ഹൂതി ഭരണകൂടവും പറയുന്നത്. കുടുംബം അടുത്ത ഒരാഴ്ചയില്‍ എടുക്കുന്ന നിലപാട് അതിനാല്‍ നിര്‍ണ്ണായകമാകും. കുടുംബത്തോട് സംസാരിക്കുന്നതടക്കം നടപടികള്‍ നിരീക്ഷിക്കുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ പറയുന്നു. വിഷയത്തില്‍ ഇടപെടുമെന്ന് ഇറാന്‍ വിദേശകാര്യമന്ത്രി അറിയിച്ചിരുന്നെങ്കിലും പുതിയ സാഹചര്യത്തില്‍ ഇതിനും സാധ്യതയില്ല.