കോഴിക്കോട്: ബേബി മെമ്മോറിയല്‍ ഹോസ്പിറ്റലിന്റെ (BMH) നേതൃത്വത്തില്‍ നടത്തിവരുന്ന കമ്മ്യൂണിറ്റി എമര്‍ജന്‍സി തയ്യാറെടുപ്പ് പ്രസ്ഥാനമായ 'ലൈഫ്ലൈനര്‍' (LifeLinER) അടുത്ത ഘട്ടത്തിലേക്ക് കടക്കുന്നു. അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ മൂന്ന് ലക്ഷം ആളുകള്‍ക്ക് ജീവന്‍രക്ഷാ പരിശീലനം നല്‍കുകയാണ് പദ്ധതിയുടെ പുതിയ ലക്ഷ്യം. രാജ്യത്തുടനീളം 30,000-ത്തിലധികം ആളുകള്‍ക്ക് ഇതിനോടകം ഈ പദ്ധതിയിലൂടെ ജീവന്‍രക്ഷാ പരിശീലനവും അവബോധവും നല്‍കിക്കഴിഞ്ഞു.
ആദ്യ വര്‍ഷത്തില്‍ 20 സംസ്ഥാനങ്ങളിലായി 407-ലധികം പരിശീലന സെഷനുകള്‍ സംഘടിപ്പിക്കുകയും 347 സ്ഥാപനങ്ങളുമായി സഹകരിക്കുകയും ചെയ്തു. സ്‌കൂളുകള്‍, കോളേജുകള്‍, ആരോഗ്യ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ സംവിധാനങ്ങള്‍, പോലീസ് വകുപ്പുകള്‍, ആംബുലന്‍സ് ജീവനക്കാര്‍, എന്‍ ജി ഒകള്‍, പ്രാദേശിക കൂട്ടായ്മകള്‍ എന്നിവയെ ഏകോപിപ്പിച്ചായിരുന്നു പ്രവര്‍ത്തനങ്ങള്‍. പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച 75 ദിവസത്തെ അഖിലേന്ത്യാ സി പി ആര്‍ (CPR) സാക്ഷരതാ പര്യടനം 16,000 കിലോമീറ്റര്‍ സഞ്ചരിച്ച് വലിയ ജനശ്രദ്ധ നേടിയിരുന്നു.
പദ്ധതിയുടെ അടുത്ത ഘട്ടത്തില്‍ ലൈഫ്ലൈനര്‍ 2.0 (LifeLinER 2.0), ബി എം എച്ച് ഗ്രൂപ്പിന്റെ കീഴിലുള്ള മെയ്ത്ര ഹോസ്പിറ്റല്‍, നരുവി ഹോസ്പിറ്റല്‍സ്, സ്റ്റാര്‍ ഹോസ്പിറ്റല്‍സ് എന്നിവയിലേക്കും വ്യാപിപ്പിക്കും. സ്‌കൂളുകള്‍ക്കായി പ്രഖ്യാപിച്ച പ്രത്യേക സുരക്ഷാ പദ്ധതിയുടെ ഭാഗമായി 200 ഫസ്റ്റ് എയ്ഡ് കിറ്റുകള്‍ വിതരണം ചെയ്യുകയും അവ കൈകാര്യം ചെയ്യുന്നതിനായി പരിശീലനം നല്‍കുകയും ചെയ്യും.
ഭാവി എന്നത് അത്യാധുനിക സാങ്കേതിക വിദ്യകള്‍ മാത്രമല്ല, പരസ്പരം പരിചരിക്കാന്‍ പ്രാപ്തിയുള്ള സമൂഹത്തെ സൃഷ്ടിക്കുക കൂടിയാണെന്ന് ബി എം എച്ച് കെയര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. കെ ജി അലക്‌സാണ്ടര്‍ പറഞ്ഞു. സാധാരണക്കാര്‍ക്ക് ജീവന്‍രക്ഷാ വൈദഗ്ധ്യം ലളിതമായി പകര്‍ന്നുനല്‍കാനാണ് ലൈഫ്ലൈനര്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്ന് ബി എം എച്ച് എമര്‍ജന്‍സി മെഡിസിന്‍ ഡിപ്പാര്‍ട്മെന്റ് ക്ലസ്റ്റര്‍ ഹെഡ് ഡോ. ഫാബിത്ത് മൊയ്തീന്‍ വ്യക്തമാക്കി.
വാര്‍ത്താ സമ്മേളനത്തില്‍ ഡോ. അനന്തമോഹന്‍ പൈ (സിഇഒ ബേബി മെമ്മോറിയല്‍ ഹോസ്പിറ്റല്‍), ഡോ. വേണുഗോപാല്‍ പി.പി. ( ചെയര്‍മാന്‍, എമര്‍ജന്‍സി മെഡിസിന്‍ - മെയ്ത്ര ഹോസ്പിറ്റല്‍), നിഹാജ് പി.മുഹമ്മദ്, (സിഇഒ മെയ്ത്ര ഹോസ്പിറ്റല്‍) എന്നിവരും പങ്കെടുത്തു.