ഇന്ത്യന്‍ കപ്പലുകള്‍ ഇറാന്റെ അനുമതിയോടെ ഹോര്‍മുസ് കടലിടുക്ക് കടന്നു;  ചര്‍ച്ചകള്‍ ഫലം കണ്ടു; അമേരിക്കയുള്‍പ്പെടെയുള്ള  രാജ്യങ്ങള്‍ക്ക് വിലക്ക് തുടരും
 


ദില്ലി: പശ്ചിമേഷ്യയിലെ യുദ്ധത്തെ തുടര്‍ന്ന് ഊര്‍ജ്ജ പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍, ഹോര്‍മുസ് കടലിടുക്കിലൂടെ ഇന്ത്യന്‍ കപ്പലുകള്‍ക്ക് സുരക്ഷിതമായി കടന്നുപോകാന്‍ ഇറാന്‍ സമ്മതിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്ത്യന്‍ പതാക വഹിക്കുന്ന കപ്പലുകള്‍ക്ക് യാത്രാനുമതി നല്‍കാന്‍ ഇറാന്‍ സമ്മതിച്ചതായാണ് റിപ്പോര്‍ട്ട്. വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ ഇറാന്റെ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയുമായി നടത്തിയ നിര്‍ണ്ണായകമായ ചര്‍ച്ചകളാണ് ഫലം കണ്ടതെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതിന് പിന്നാലെ 'പുഷ്പക്', 'പരിമള്‍' എന്നീ രണ്ട് ഇന്ത്യന്‍ ചരക്ക് കപ്പലുകള്‍ ഹോര്‍മുസ് കടലിടുക്ക് സുരക്ഷിതമായി കടന്നുവെന്നും റിപ്പോര്‍ട്ട് പറയുന്നു. മറൈന്‍ ട്രാഫിക് വെബ്‌സൈറ്റിലെ വിവരം പ്രകാരം ഈ കപ്പലുകള്‍ ഇപ്പോള്‍ ഹോര്‍മുസ് കടലിടുക്കിന് സമീപത്താണ് ഉള്ളത്.

ഹോര്‍മുസ് കടലിടുക്ക് അടച്ച് ശക്തമായ ആക്രമണം വാണിജ്യ കപ്പലുകള്‍ക്ക് നേരെ ഇറാന്‍ അഴിച്ചുവിടുന്നുണ്ട്. കഴിഞ്ഞ മണിക്കൂറുകളിലും അമേരിക്കയുടെ അടക്കം രണ്ട് കപ്പലുകള്‍ ഇറാന്‍ അന്തര്‍വാഹിനി ഡ്രോണ്‍ ഉപയോഗിച്ച് തകര്‍ത്തിരുന്നു. ഇതിനിടയിലാണ് ഇന്ത്യയിലേക്കുള്ള 2 കപ്പലുകള്‍ ഹോര്‍മുസ് കടലിടുക്ക് കടന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. സൗദി അറേബ്യയില്‍ നിന്ന് ക്രൂഡ് ഓയിലുമായി മുംബൈ തുറമുഖത്തേക്ക് വരികയായിരുന്ന ലിബിയന്‍ പതാക വഹിച്ച മറ്റൊരു കപ്പലിനും ഹോര്‍മുസ് കടലിടുക്ക് കടക്കാന്‍ കഴിഞ്ഞുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. പശ്ചിമേഷ്യയില്‍ യുദ്ധം തുടങ്ങിയ ശേഷം ഹോര്‍മുസ് കടലിടുക്ക് സുരക്ഷിതമായി കടന്ന ആദ്യ ഇന്ത്യന്‍ കപ്പലുകളാണിവ. ഊര്‍ജ്ജ പ്രതിസന്ധി മുന്നില്‍ കണ്ട് ഏറെ നാളായി ഇറാനുമായി ഇന്ത്യ നയതന്ത്ര തലത്തില്‍ ചര്‍ച്ചകള്‍ നടത്തിവരികയായിരുന്നു. ഫെബ്രുവരി 28-നും മാര്‍ച്ച് 5-നും ശേഷം മാര്‍ച്ച് 10-നാണ് ഇരു രാജ്യങ്ങളിലെയും വിദേശകാര്യ മന്ത്രിമാര്‍ മൂന്നാമതും ഫോണ്‍ വഴി ചര്‍ച്ച നടത്തിയത്. റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്റോവുമായും ജയശങ്കര്‍ ചര്‍ച്ച നടത്തിയെന്നാണ് വിവരം.

ഇറാന്റെ കപ്പലുകള്‍ക്ക് കൊച്ചി തുറമുഖത്ത് അടുക്കാന്‍ ഇന്ത്യ അനുമതി നല്‍കിയതും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ദൃഢമാക്കി. നേരത്തെ 'മിലാന്‍ 2026' നാവിക അഭ്യാസത്തില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്ന ഇറാന്‍ യുദ്ധക്കപ്പല്‍ അമേരിക്ക ആക്രമിച്ച് തകര്‍ത്തിരുന്നു. ഇവിടെ ശ്രീലങ്കന്‍ നേവിയും ഇന്ത്യന്‍ നേവിയും സംയുക്തമായാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ഇതിന് പിന്നാലെയാണ് സാങ്കേതിക തകരാര്‍ നേരിട്ട ഐ.ആര്‍.ഐ.എസ് ലവാന്‍ എന്ന ഇറാന്‍ യുദ്ധക്കപ്പലിന് കൊച്ചിയില്‍ ദക്ഷിണ നാവികസേന ആസ്ഥാനത്ത് അടുക്കാന്‍ ഇന്ത്യ അനുമതി നല്‍കിയത്. ഈ കപ്പലിലുണ്ടായിരുന്ന 180 ലേറെ ഇറാന്‍ നേവി അംഗങ്ങള്‍ ഇപ്പോള്‍ കൊച്ചിയിലാണ് ഉള്ളത്. ഈ നയതന്ത്ര നീക്കങ്ങളാണ് ഹോര്‍മുസ് കടലിടുക്കിലെ ഉപരോധത്തിനിടെ ഇന്ത്യയുടെ കപ്പലുകള്‍ക്ക് കടന്നുപോകാന്‍ അനുവാദം ലഭിക്കാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇക്കാര്യം കേന്ദ്രസര്‍ക്കാര്‍ ഔദ്യോഗികമായി അറിയിച്ചിട്ടില്ല.


 

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media