കല്‍പ്പറ്റ: മുഖ്യമന്ത്രി തര്‍ക്കം രൂക്ഷമാകുന്നതിനിടെ രാഹുല്‍ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കുമെതിരെ കേരളത്തില്‍ പോസ്റ്റര്‍ പ്രതിഷേധം ഉയര്‍ന്നത് ഹൈക്കമാന്‍ഡിനെ ഞെട്ടിക്കുന്നതായിരുന്നു. വയനാട് ഡി സി സി ഓഫീസിന് സമീപത്തും കോഴിക്കോട് മുക്കത്തെ പ്രിയങ്കയുടെ ഓഫീസിന് മുന്നിലുമാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. ഇപ്പോഴിതാ വയനാട് ഡി സി സി ഓഫീസിന് സമീപത്ത് പോസ്റ്റര്‍ ഒട്ടിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരിക്കുകയാണ്. പോസ്റ്റര്‍ ഒട്ടിച്ചത് പുലര്‍ച്ചെ 3:00 മണിക്കാണെന്നാണ് സി സി ടി വി ദൃശ്യങ്ങളില്‍ വ്യക്തമായിരിക്കുന്നത്. എന്നാല്‍ സി സി ടി വി ദൃശ്യങ്ങളില്‍ ഒട്ടിച്ച ആളുടെ മുഖം വ്യക്തമല്ല. ഇക്കാര്യത്തില്‍ കൂടുതല്‍ സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിക്കുന്നതോടെ കൂടുതല്‍ വ്യക്തതയുണ്ടാകുമെന്നാണ് ഡി സി സി നേതൃത്വം പ്രതീക്ഷിക്കുന്നത്. അതേസമയം രാഹുലിനും പ്രിയങ്കക്കുമെതിരെ കേരളത്തിലുയരുന്ന പോസ്റ്റര്‍ പ്രതിഷേധത്തിന്റെ ഉദ്ദേശലക്ഷ്യത്തില്‍ ആശയകുഴപ്പത്തിലാണ് നേതൃത്വം. ഈ നീക്കത്തിന് പിന്നില്‍ ആസൂത്രിത നീക്കമെന്നാണ് ഗ്രൂപ്പുകളുടെ സംശയം. ഹൈക്കമാന്‍ഡിനെ സമ്മര്‍ദ്ദത്തില്‍ ആക്കാന്‍ ഉള്ള വി ഡി ഗ്രൂപ്പിന്റെ നീക്കം എന്നാണ് കെ സി ക്യാമ്പിന്റെ സംശയം. ഗാന്ധി കുടുംബത്തെ സതീശന് എതിരാക്കാന്‍ ഉള്ള നീക്കമെന്നാണ് വി ഡി ഗ്രൂപ്പിന്റെ സംശയം.
പ്രിയങ്ക ഗാന്ധിയുടെ മണ്ഡലത്തിലാണ് ഹൈക്കമാന്‍ഡിനെതിരെ പോസ്റ്റര്‍ പ്രതിഷേധം എന്നത് നേതൃത്വം ഗൗരവത്തോടെയാണ് കാണുന്നത്. കെ സി വേണുഗോപാലിന്റെ പേര് എടുത്തുപറഞ്ഞുകൊണ്ടാണ് കല്‍പ്പറ്റയിലും കോഴിക്കോട് മുക്കത്തും രാഹുലിനും പ്രിയങ്കക്കുമെതിരെ ഇംഗ്ലിഷില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. വയനാട് ഡി സി സി ഓഫീസിന് സമീപമാണ് ആദ്യം പോസ്റ്ററുകള്‍ കണ്ടത്. പിന്നാലെ മുക്കം നോര്‍ത്ത് കാരശ്ശേരിയിലെ പ്രിയങ്ക ഗാന്ധിയുടെ ഓഫിസിനു മുന്നിലും പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. മുഖ്യമന്ത്രി സ്ഥാനത്ത് എ ഐ സി സി സംഘടന ജനറല്‍ കെ സി വേണുഗോപാലിനെ പിന്തുണച്ചാല്‍ കേരളത്തിലെ ജനങ്ങള്‍ മാപ്പ് തരില്ലെന്നും, വയനാട് ഇനി അടുത്ത അമേഠിയായി മാറുമെന്നുമാണ് പോസ്റ്ററുകള്‍ മുന്നറിയിപ്പ് നല്‍കുന്നത്. മുഖ്യമന്ത്രിയായി കെ സിയെ പ്രഖ്യാപിച്ചാല്‍ ഹൈക്കമാന്‍ഡിനെതിരെയും പ്രതിഷേധം ശക്തമാകുമെന്ന സന്ദേശം കൂടിയാണ് പോസ്റ്റര്‍ രോഷപ്രകടനം നല്‍കുന്നതെന്നും വിലയിരുത്തലുകളുണ്ട്. അതേസമയം കേരളത്തിന്റെ പുതിയ മുഖ്യമന്ത്രി ആരെന്ന് ഇന്നറിയാനായേക്കും. ഹൈക്കമാന്‍ഡ് പ്രഖ്യാപനം ഉച്ചയ്ക്ക് മുന്നേ വന്നേക്കുമെന്നാണ് സൂചന. ഇതോടെ കേരളത്തിനൊപ്പം ആകാംക്ഷയിലാണ് കെ സി വേണുഗോപാല്‍, വി ഡി സതീശന്‍, രമേശ് ചെന്നിത്തല ക്യാമ്പുകള്‍.
5106iq