പ്രധാന മന്ത്രിയുടെ ഓണ്‍ലൈന്‍ ഷോപ്പിങ്;
വനിതാ ദിനത്തില്‍ വാങ്ങിയത് ഇതൊക്കെ
ദില്ലി: വനിതാ ദിനത്തില്‍ കൗതുകമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓണ്‍ലൈന്‍ ഷോപ്പിങ്. 11,985 രൂപയ്ക്ക് 8 ഉത്പന്നങ്ങളാണ് അദ്ദേഹം ഓണ്‍ലൈനായി വാങ്ങിയത്. കേരളത്തിലെ കുടുംബശ്രീയുടെ ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ നിന്നും നടത്തി ഷോപ്പിങ് വനിതാ ദിനത്തില്‍ വനിതാ സ്വയം സഹായ സംഘങ്ങളെയും ചെറുകിട സംരംഭകരെയും ഒക്കെ പ്രോത്സാഹിപ്പിക്കാന്‍ കൂടെയായിരുന്നു ഈ ഷോപ്പിങ്. വനിതകളുടെ ക്രിയാത്മകതയും ഇന്ത്യന്‍ സംസ്‌കാരവും സംരഭകത്വവുമൊക്കെ ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് ഷോപ്പിങ് എന്ന് പ്രധാനമന്ത്രി തന്നെ വ്യക്തമാക്കി. വാങ്ങിയ ഉത്പന്നങ്ങളുടെ ചിത്രങ്ങള്‍ അദ്ദേഹം തന്നെ ട്വിറ്ററില്‍ പങ്കു വെച്ചു.
ആദ്യമായി ട്രൈബ്‌സ് ഇന്ത്യ വെബ്സൈറ്റില്‍ ലോഗിന്‍ ചെയ്ത അദ്ദേഹം ഒരു എംബ്രോയിഡറി ഷാള്‍ വാങ്ങി. തമിഴ്‌നാട്ടിലെ തോഡ ഗോത്രവിഭാഗക്കാര്‍ നെയ്ത 2,910 രൂപ വല വരുന്ന പരുത്തി ഷോളാണ് അദ്ദേഹം വാങ്ങിയത്. പിന്നീട് പൂര്‍ണമായി കൈകൊണ്ട് വരച്ച ഗോണ്ട് പേപ്പര്‍ പെയിന്റിങ് ആണ് അദ്ദേഹം വാങ്ങിയത്. 567 രൂപയുടെ പെയിന്റിങ് ആണിത്. ഭോപ്പാലിലെ ഗോത്രവര്‍ഗക്കാരുടെ പെയിന്റിങ് ആയിരുന്നു ഇത്. നാഗലാന്‍ഡിലെ കലാകാരന്‍മാര്‍ നെയ്ത മനോഹരമായ ഒരു ഷോളും അദ്ദേഹം ഓണ്‍ലൈനിലൂടെ സ്വന്തമാക്കി. 2800 രൂപയായിരുന്നു വില.
ബീഹാറിലെ കലാകാരന്‍മാരില്‍ നിന്ന് അദ്ദേഹം വാങ്ങിയത് മധുബാനി പെയിന്റിങ്ങിലെ മനോഹരമായ മറ്റൊരു സ്റ്റോള്‍ ആണ്. 1,299 രൂപയായിരുന്നു വില.
പശ്ചിമ ബംഗാളിലെ ഗോത്രവര്‍ഗ വിഭാഗക്കാര്‍ നെയ്ത പരുത്തി ഫയല്‍ ഫോള്‍ഡറാണ് അദ്ദേഹം വാങ്ങിയ മറ്റൊരു വസ്തു. 222 രൂപയായിരുന്നു വില. ട്രൈബ്‌സ് ഇന്ത്യ പോര്‍ട്ടലില്‍ നിന്നായിരുന്നു പര്‍ച്ചേസ്. ആസാമിലെ നെയ്ത്തുകാരില്‍ നിന്ന് അദ്ദേഹം സ്വന്തമാക്കിയ മറ്റൊരു സ്റ്റോളിന് 1950 രൂപയായിരുന്നു വില. കേരളത്തിലെ കുടുംബശ്രീ ബസാര്‍ പോര്‍ട്ടലില്‍ നിന്നും പ്രധാനമന്ത്രി പര്‍ച്ചേസ് നടത്തിയിരുന്നു. ഓലയും ചിരട്ടകളും ഉപയോഗിച്ച് തീര്‍ത്ത നിലവിളക്കാണ് കരകൗശല വസ്തവായി അദ്ദേഹം വാങ്ങിയത്. 2237 രൂപയായിരുന്നു വില