മൂന്ന് കോടിയുടെ സഹായം; വെള്ളാര്‍മല സ്‌കൂള്‍ പുനഃര്‍നിര്‍മ്മിക്കും;  വയനാടിനെ നെഞ്ചോട് ചേര്‍ത്ത് മോഹന്‍ലാല്‍
 



മേപ്പാടി : ഇന്ത്യ കണ്ട വലിയ ദുരന്തങ്ങളിലൊന്നാണ് വയനാട്ടില്‍ നടന്നതെന്ന് ലെഫ്റ്റനന്റ് കേണല്‍ നടന്‍ മോഹന്‍ലാല്‍. നഷ്ടപ്പെട്ടത് തിരിച്ചെടുക്കാനാവില്ല. മുന്നോട്ടുള്ള ജീവിതം മെച്ചപ്പെടുത്താനാണ് ശ്രമിക്കേണ്ടത്. വയനാട്ടില്‍ നടന്നത് വളരെ സങ്കടകരമായ കാര്യമാണ്. നേരിട്ട് കണ്ടാല്‍ മാത്രം മനസിലാകുന്നതാണ് ദുരന്തത്തിന്റെ തീവ്രത. എല്ലാവരും സഹായിക്കുന്നത് വലിയ കാര്യമാണ്. സാധാരണക്കാര്‍ മുതല്‍ സൈന്യം വരെ എല്ലാവരും ദൗത്യത്തിന്റെ ഭാഗമായി. താന്‍ കൂടി അടങ്ങുന്നതാണ് മദ്രാസ് 122 ബറ്റാലിയന്‍. കഴിഞ്ഞ 16 വര്‍ഷമായി താനീ സംഘത്തിലെ അംഗമാണ്. അവരടക്കം രക്ഷാപ്രവര്‍ത്തനം നടത്തുന്നവരെ നേരിട്ട് കാണാനും നന്ദി പറയാനും മനസ് കൊണ്ട് അവരെ നമസ്‌കരിക്കാനുമാണ് താന്‍ വന്നത്. ബെയ്ലി പാലം തന്നെ വലിയ അദ്ഭുതമാണ്.  ഈശ്വരന്റെ സഹായം കൂടെയുണ്ട് ഇത് യാഥാര്‍ത്ഥ്യമായതിന് പിന്നിലെന്ന് കരുതുന്നു. ദുരന്ത മേഖലയുടെ പുനരുദ്ധാരണത്തിനായി വിശ്വശാന്തി ഫൗണ്ടേഷന്‍ 3 കോടി നല്‍കും. സ്ഥിതി നിരീക്ഷിച്ച ശേഷം ഫൗണ്ടേഷന്‍ വീണ്ടും സാമ്പത്തിക സഹായം ആവശ്യമെങ്കില്‍ നല്‍കും. വെള്ളാര്‍മല സ്‌കൂളിന്റെ പുനരുദ്ധാരണം ഏറ്റെടുക്കുമെന്നും മോഹന്‍ലാല്‍ പറഞ്ഞു.

സൈന്യം നിര്‍മ്മിച്ച് ബെയ്‌ലി പാലം വഴി മുണ്ടക്കൈയില്‍ എത്തിയ മോഹന്‍ലാല്‍ രക്ഷാ ദൗത്യത്തില്‍ ഏര്‍പ്പെട്ട സൈനികരുമായും, വോളണ്ടിയര്‍മാരുമായും സംസാരിച്ചു. ഒരോ വിഭാഗങ്ങളും നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ കണ്ടാണ് ഉരുള്‍പൊട്ടല്‍ രൂക്ഷമായി ബാധിച്ച പ്രദേശങ്ങള്‍ മോഹന്‍ലാല്‍ സന്ദര്‍ശിച്ചത്. ഉരുള്‍ പൊട്ടലിന്റെ പ്രഭവ കേന്ദ്രത്തിന് അടുത്തുള്ള പുഞ്ചിരമറ്റം വരെ മോഹന്‍ലാല്‍ എത്തി കാര്യങ്ങള്‍ നോക്കി കണ്ടിരുന്നു. ഇതിന് പിന്നാലെ നാട്ടുകാരോടും മോഹന്‍ലാല്‍ കാര്യങ്ങള്‍ ചോദിച്ച് മനസിലാക്കുന്നുണ്ടായിരുന്നു. സൈനിക വേഷത്തില്‍ എത്തിയ മോഹന്‍ലാലിനൊപ്പം മേജര്‍ രവിയും ഉന്നത സൈനിക ഉദ്യോഗസ്ഥരും ഉണ്ടായിരുന്നു. പിന്നീടാണ് ഇദ്ദേഹം മാധ്യമങ്ങളെ കണ്ട് തന്റെ നേതൃത്വത്തിലുള്ള വിശ്വശാന്തി ഫൗണ്ടേഷന്‍ വഴി സഹായം പ്രഖ്യാപിച്ചത്.


 

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media