മരം മുറി ഉത്തരവ് ഉന്നത ഉദ്യോഗസ്ഥര്‍ അറിഞ്ഞുതന്നെ
ബെന്നിച്ചന്‍ തോമസ് വനംവകുപ്പിന് നല്‍കിയ കത്ത് പുറത്ത്
തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ മരം മുറിക്ക് അനുമതി നല്‍കി ഉത്തരവിറക്കിയത് ഉന്നത ഉദ്യോഗസ്ഥര്‍ അറിഞ്ഞുവെന്നതിന് കൂടുതല്‍ തെളിവുകള്‍ പുറത്തായി. മരം മുറി ഉത്തരവിറക്കിയത് ഉന്നത ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശ പ്രകാരമെന്ന് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ബെന്നിച്ചന്‍ തോമസ് വ്യക്തമാക്കുന്നു. ഇത് വ്യക്തമാക്കി ബെന്നിച്ചന്‍ തോമസ് വനം വകുപ്പിന് നല്‍കിയ കത്ത് പുറത്തായി. ജലവിഭവ വകുപ്പ് അഡിഷണല്‍ സെക്രട്ടറി മൂന്നു പ്രാവശ്യം യോഗം നടത്തിയെന്ന് കത്തില്‍ വ്യക്തമാക്കുന്നുണ്ട്. മരം മുറിക്കുള്ള അനുമതി വേഗത്തിലാകണമെന്ന് നിര്‍ദ്ദേശിച്ചു. മരം മുറിക്കാന്‍ കേന്ദ്രാനുമതി ആവശ്യമില്ലെന്നും ബെന്നിച്ചന്‍ തോമസ് കത്തില്‍ പറയുന്നു.
മുല്ലപ്പെരിയാറിലെബേബി ഡാം ബലപ്പെടുത്താന്‍ 15 മരങ്ങള്‍ മുറിക്കാന്‍ കേരളം അനുമതി നല്‍കിയ ഉത്തരവ് റദ്ദാക്കിക്കൊണ്ട് കഴിഞ്ഞ ദിവസം ഉത്തരവിറക്കിയതിന് പിന്നാലെ വിവാദ ഉത്തരവിറക്കിയ ഉദ്യോഗസ്ഥന്‍ ബെന്നിച്ചന്‍ തോമസിനെ സസ്‌പെന്റ് ചെയ്യുകയും ചെയ്തിരുന്നു. മന്ത്രിസഭ അറിയാതെയാണ് ഉത്തരവെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനായ ബെന്നിച്ചന്‍ തോമസ് ഔദ്യോഗിക കൃത്യനിര്‍വഹണം ലംഘിച്ചുവെന്ന് കണ്ടെത്തിയാണ് സസ്‌പെന്‍ഷന്‍ നടപടിയെന്നാണ് ഉത്തരവില്‍ സര്‍ക്കാര്‍ വ്യക്തമാക്കിയത്
ഇതിനിടെ മുല്ലപ്പെരിയാറിലെ മരം മുറിയ്ക്കാനുള്ള ഫയല്‍ നീക്കം അഞ്ചു മാസം മുമ്പേ തുടങ്ങിയെന്ന് വ്യക്തമാക്കുന്ന രേഖകള്‍ പുറത്തുവന്നിരുന്നു. തമിഴ്‌നാടിന്റെ മരംമുറി ആവശ്യത്തില്‍ തീരുമെടുക്കാന്‍ മെയ് മാസത്തിലാണ് വനംവകുപ്പില്‍ നിന്ന് ഫയല്‍ ജലവിഭവകുപ്പിലെത്തുന്നതെന്ന് ഇ ഫയല്‍ രേഖകള്‍ വ്യക്തമാക്കുന്നു.മരംമുറിയെ കുറിച്ച് ഒന്നുമറിയില്ലെന്ന് വകുപ്പ് മന്ത്രിമാര്‍ പറയുമ്പോഴാണ് ഫയലുകളില്‍ ചര്‍ച്ചകള്‍ നടന്നിട്ടുണ്ടെന്ന് വ്യക്തമാകുന്നത്. ഇതിന് പിന്നാലെയാണ് സര്‍ക്കാര്‍ നിലപാട് കള്ളമാണെന്ന് വ്യക്തമാകുന്ന ബെന്നിച്ചന്‍ തോമസിന്റെ കത്തും പുറത്തായത്.