തിരിച്ചറിയാത്ത മുഴുവന്‍ മൃതദേഹങ്ങളും ഇന്ന് സംസ്‌കരിക്കും, മരണസംഖ്യ 402 ആയി; രണ്ട്  മൃതദേഹങ്ങള്‍ കൂടി ഇന്ന് കണ്ടെടുത്തു
 


മേപ്പാടി:മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 402 ആയി. മണ്ണിനടിയില്‍ നിന്നും ചാലിയാറില്‍ നിന്നുമടക്കം കണ്ടെടുത്തവയില്‍ 180 എണ്ണം ശരീരഭാഗങ്ങളാണ്. അതേ സമയം ഔദ്യോഗിക കണക്കനുസരിച്ച് മരണസംഖ്യ 222 ആണ്. 180 പേരെ ഇനിയും കണ്ടെത്താനുണ്ട്. തിരിച്ചറിയപ്പെടാത്ത മൃതദേഹങ്ങളില്‍ 8 എണ്ണം ഇന്നലെ സംസ്‌കരിച്ചു. ശേഷിച്ച മൃതദേഹങ്ങളുടെ സംസ്‌കാരം ഇന്ന് നടക്കും.

ഇന്നത്തെ തെരച്ചലില്‍ ചൂരല്‍മല വില്ലേജ് റോഡില്‍ നിന്ന് രണ്ട് മൃതദേഹങ്ങള്‍ കണ്ടെടുത്തു. ഇന്നലെ ചാലിയാര്‍ പുഴയില്‍ തെരച്ചിലിനിടെ കണ്ടെത്തിയ മൃതദേഹം ഹെലികോപ്ടറില്‍ മേപ്പാടിയിലെത്തിച്ചു. ബെയിലി പാലത്തിന് അപ്പുറത്തെ തെരിച്ചലിനായുള്ള സന്നദ്ധ പ്രവര്‍ത്തകരുടെ എണ്ണം ഇന്ന് നിജപ്പെടുത്തിയിരുന്നു. 12 സോണുകളിലായി 50 പേര്‍ വീതമുള്ള സംഘങ്ങളാണ് ഇന്ന് തെരച്ചില്‍ നടത്തുന്നത്.

ജില്ലാ ഭരണകൂടം ആവശ്യപ്പെടുന്നതുവരെ തെരച്ചില്‍ തുടരുമെന്നാണ് സൈന്യം അറിയിച്ചിരിക്കുന്നത്. ഘട്ടം ഘട്ടമായി തെരച്ചില്‍ പ്രവര്‍ത്തനവും സംസ്ഥാന ഭരണകൂടത്തിന് കൈമാറാനാണ് സൈന്യത്തിന്റെ തീരുമാനം. ചാലിയാര്‍ പുഴയോട് ചേര്‍ന്ന് 9 വാര്‍ഡുകളില്‍ ഗ്രാമപഞ്ചായത്ത് അംഗങ്ങളുടെ നേതൃത്വത്തിലാണ് ഇന്നത്തെ തെരച്ചില്‍. ഉരുള്‍ പൊട്ടലില്‍ പരിക്കേറ്റ 91 പേര്‍ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്. വീട് നഷ്ടപ്പെട്ട 2514 പേരാണ് ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നത്.  

വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തെ കേന്ദ്രസര്‍ക്കാര്‍ എല്‍3 പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. അന്താരാഷ്ട്ര കാഴ്ചപ്പാട് അനുസരിച്ച് ഈ പട്ടികയില്‍ ഉള്‍പ്പെടുത്തേണ്ടതാണ്. ദേശീയ ദുരന്തമായി പ്രഖ്യാപിക്കാന്‍ സാധിച്ചില്ലെങ്കിലും ആ നിലയിലുള്ള സഹായം കേരളത്തിന് ലഭ്യമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണമെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ആവശ്യപ്പെട്ടു. വയനാട്ടിലേത് സാധാരണ പുനരധിവാസം പോലെ ആകരുത്. ഓരോ കുടുംബങ്ങളെയും പ്രത്യേകമായി പരിഗണിച്ചുള്ള പുനരധിവാസം നടപ്പാക്കണം. കുടുംബങ്ങള്‍ക്ക് വാടക വീടുകള്‍ ഒരുക്കണം. പുതിയ വീടുകളിലേക്ക് മാറാനുള്ള സൗകര്യങ്ങള്‍ ചെയ്ത് കൊടുക്കണം. ദുരന്തത്തില്‍ പെട്ടവര്‍ക്ക് തൊഴില്‍ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. സ്വയം തൊഴിലുകള്‍ കണ്ടെത്താന്‍ സൗകര്യം ഒരുക്കണം. സമഗ്രമായ ഒരു ഫാമിലി പാക്കേജ് ആയി പുനരധിവാസം ആസൂത്രണം ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media