സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു; മികച്ച നടന്‍ ജയസൂര്യ, നടി അന്നാ ബെന്‍
51-ാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ജയസൂര്യയെ മികച്ച നടനായി തിരഞ്ഞെടുത്തു. വെള്ളം, സണ്ണി സിനിമകളിലെ പ്രകടനം വിലയിരുത്തിയാണ് പുരസ്‌കാരം. അന്ന ബെന്‍ ആണ് മികച്ച നടി. ചിത്രം കപ്പേള. ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ ആണ് മികച്ച സിനിമ. സെക്രട്ടറിയേറ്റ് പി.ആര്‍. ചേമ്പറില്‍ നടന്ന പരിപാടിയില്‍ മന്ത്രി സജി ചെറിയാന്‍ വിജയികളെ പ്രഖ്യാപിച്ചു.
മികച്ച നടനുള്ള പുരസ്‌കാരങ്ങള്‍ക്കായി ഫഹദ് ഫാസില്‍ (മാലിക്, ട്രാന്‍സ്), ബിജു മേനോന്‍ (അയ്യപ്പനും കോശിയും), ഇന്ദ്രന്‍സ് (വേലുക്കാക്ക), സുരാജ് വെഞ്ഞാറമൂട് (ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍), ജയസൂര്യ (വെള്ളം, സണ്ണി) എന്നിവര്‍ തമ്മില്‍ കടുത്ത മത്സരം നേരിട്ട വിധിനിര്‍ണ്ണയമായിരുന്നു.
നടിമാരില്‍ നിമിഷ സജയന്‍, അന്നാ ബെന്‍, പാര്‍വതി തിരുവോത്ത്, ശോഭന തുടങ്ങിയവരുടെ പേരുകളാണ് അവസാന റൗണ്ട് വരെ ഉയര്‍ന്ന സാധ്യതയില്‍ നിലനിന്നത്.
സുഹാസിനി മണിരത്‌നത്തിന്റെ നേതൃത്വത്തിലെ ജൂറിയാണ് വിജയികളെ നിര്‍ണ്ണയിച്ചത്. കോവിഡ് പ്രതിസന്ധിയില്‍ സിനിമകള്‍ ഡിജിറ്റല്‍ റിലീസിന് വഴിമാറിയ വര്‍ഷം കൂടിയായിരുന്നു 2020. മാര്‍ച്ച് മാസം വരെ സിനിമകള്‍ തിയേറ്റര്‍ റിലീസ് ചെയ്തിരുന്നു.
കന്നഡ സംവിധായകന്‍ പി. ശേഷാദ്രിയും ചലച്ചിത്ര നിര്‍മ്മാതാവ് ഭദ്രനും പ്രാരംഭ ജൂറിയില്‍ അംഗമാണ്. കഴിഞ്ഞ വര്‍ഷം റിലീസ് ചെയ്ത 80 ഓളം സിനിമകള്‍ സംസ്ഥാന ചലച്ചിത്ര അവാര്‍ഡിനായി മത്സര രംഗത്തുണ്ടായിരുന്നു. പ്രാരംഭ ജൂറി 40 സിനിമകള്‍ വീതം കണ്ട ശേഷം അന്തിമ ജൂറിയുടെ പരിഗണനയ്ക്കായി ഇതില്‍ നിന്നും തിരഞ്ഞെടുത്ത സിനിമകള്‍ ശുപാര്‍ശ ചെയ്യുന്നതാണ് രീതി. അന്തിമ ജൂറിയില്‍ ശേഷാദ്രിയും ഭദ്രനും അംഗങ്ങളാണ്.
ഛായാഗ്രാഹകന്‍ സി.കെ. മുരളീധരന്‍, സംഗീത സംവിധായകന്‍ മോഹന്‍ സിത്താര, സൗണ്ട് ഡിസൈനര്‍ എം. ഹരികുമാര്‍, നിരൂപകനും തിരക്കഥാകൃത്തുമായ എന്‍. ശശിധരന്‍ എന്നിവരും ഈ ജൂറിയില്‍ അംഗങ്ങളാണ്.