ഒമാനില്‍ ഇനി ഇന്ധനവില വര്‍ധിക്കില്ല; അധിക പണം സര്‍ക്കാര്‍ നല്‍കും
മസ്‌കത്ത്: ഒമാനില്‍ ഇന്ധന വില വര്‍ധനവിന് പരിധി നിശ്ചയിച്ച നടപടിയെ സ്വാഗതം ചെയ്ത് ജനങ്ങള്‍. ഔദ്യോഗിക ഉത്തരവ് പ്രകാരം രാജ്യത്ത് 2021 ഒക്ടോബറില്‍ ഉണ്ടായിരുന്ന വിലയായിരിക്കും പരമാവധി ഇന്ധന വില. വിലയിലുണ്ടാകുന്ന വ്യത്യാസം കാരണം വരുന്ന നഷ്ടം 2022 അവസാനം വരെ സര്‍ക്കാര്‍ വഹിക്കുമെന്നും ഉത്തരവില്‍ പറയുന്നു.
ഒക്ടോബറില്‍ എം 91 പെട്രോളിന് 229 ബൈസയും എം 95 പെട്രോളിന് 239 ബൈസയും ഡീസലിന് 258 ബൈസയുമായിരുന്നു നിരക്ക്. ഈ നിരക്കില്‍ നിന്ന് ഇനി വര്‍ദ്ധനവുണ്ടാവില്ലെന്നതാണ് ജനങ്ങള്‍ക്ക് ആശ്വാസം. നവംബര്‍ മാസം എം 91 പെട്രോളിനും എം 95 പെട്രോളിനും മൂന്ന് ബൈസയുടെ വര്‍ദ്ധന് പ്രഖ്യാപിച്ചിരുന്നെങ്കിലും പുതിയ ഉത്തരവോടെ വില വര്‍ദ്ധനവ് ജനങ്ങളെ ബാധിക്കില്ല.
ആഗോള തലത്തിലെ ക്രൂഡ് ഓയില്‍ വില വര്‍ദ്ധനവിന് അനുസരിച്ച് ഇന്ധന വില വര്‍ദ്ധിച്ചാല്‍ അത് തങ്ങളുടെ കുടുംബ ചെലവുകളുടെ താളം തെറ്റിക്കുമെന്ന് ആശങ്കപ്പെട്ടിരുന്ന പ്രവാസികളും സ്വദേശികളും തീരുമാനത്തെ സ്വാഗതം ചെയ്യുകയാണ്. ഈ വര്‍ഷം സെപ്റ്റംബര്‍ അവസാനം വരെയുള്ള കണക്കുകള്‍ പ്രകാരം ഒമാനിലെ റിഫൈനറികള്‍ എണ്ണ ഉത്പാദനം 13 ശതമാനം വര്‍ദ്ധിപ്പിച്ചിട്ടുണ്ടെന്ന് ഒമാന്‍ നാഷണല്‍ സെന്റര്‍ ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സ് ആന്റ് ഇന്‍ഫര്‍മേഷന്‍ പുറത്തുവിട്ട കണക്കുകളും വ്യക്തമാക്കുന്നു.