ദില്ലി: ബോധപൂര്‍വം തന്നെ അപമാനിക്കാനാണ് നേതൃത്വം കത്ത് നല്‍കിയതെന്ന് കെ മുരളീധരന്‍ എംപി. ലോക്‌സഭയിലേക്കും നിയമസഭയിലേക്കും ഇനി മത്സരിക്കാനില്ല. തെരഞ്ഞെടുപ്പിന് മുന്‍പ് രണ്ട് എം പിമാരെ പിണക്കിയതിന്റെ ഭവിഷത്ത് നല്ലതായിരിക്കില്ല. തന്റെ സേവനം വേണോ വേണ്ടയോ എന്ന് പാര്‍ട്ടി തീരുമാനിക്കട്ടെ. നോട്ടീസ് നല്‍കും മുന്‍പ് തന്നോട് നേരിട്ട് സംസാരിക്കാമായിരുന്നു. മത്സരിക്കാന്‍ ഇല്ലെന്ന് തന്നെ വന്നു കണ്ട നേതാക്കളെയും പ്രവര്‍ത്തകരെയും അറിയിച്ചു. പക്ഷേ പാര്‍ട്ടിക്കായി പ്രചാരണത്തിനിറങ്ങുമെന്നും മുരളീധരന്‍ പറഞ്ഞു
നേതൃത്വത്തിനെതിരായ പരസ്യ വിമര്‍ശനത്തില്‍ കെ പി സി സി ,എം കെ രാഘവന് താക്കീതും കെ മുരളീധരന് മുന്നറിയിപ്പും നല്‍കിയിരുന്നു. കെപിസിസി പ്രസിഡന്റ് കെ സുധാകരനാണ് താക്കീത് ചെയ്തത്. പാര്‍ട്ടിയെ മോശമായ ചിത്രീകരിക്കുന്ന പരസ്യ പ്രസ്താവനകള്‍ പാടില്ലെന്നായിരുന്നു കെപിസിസി നിര്‍ദേശം.
ഉപയോഗിച്ച ശേഷം വലിച്ചെറിയുകയാണ് പാര്‍ട്ടിയില്‍ സംഭവിക്കുന്നതെന്നും മിണ്ടാതിരിക്കുന്നവര്‍ക്കെ പാര്‍ട്ടിയില്‍ സ്ഥാനമുള്ളൂ എന്നും എം കെ രാഘവന്‍ പരസ്യമായി വിമര്‍ശിച്ചിരുന്നു. ഈ പരാമര്‍ശത്തെ കെ മുരളീധരന്‍ പിന്തുണച്ചിരുന്നു. ഇതിന് പിന്നാലെയാണ് മുരളീധരനും മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. മുന്‍ കെപിസിസി അധ്യക്ഷന്‍ എന്ന നിലയില്‍ പ്രസ്താവനകളില്‍ ജാഗ്രത പുലര്‍ത്തണമെന്നാണ് കെ സുധാകരന്റെ മുരളീധരനുള്ള കത്ത്