വിപണി ഇന്നും നേട്ടത്തില്‍ വ്യാപാരം ആരംഭിച്ചു.
തുടര്‍ച്ചയായി മൂന്നാം ദിനവും വിപണി നേട്ടത്തില്‍ വ്യാപാരം ആരംഭിച്ചു. ബുധനാഴ്ച്ച ഇന്ത്യന്‍ സൂചികകള്‍ 0.5 ശതമാനം മുന്നേറ്റം കുറിച്ചുകൊണ്ടാണ് ഇടപാടുകള്‍ക്ക് തുടക്കമിട്ടത്. രാവിലെ ബിഎസ്ഇ സെന്‍സെക്‌സ് സൂചിക 300 പോയിന്റ് കയറി 49,268 എന്ന നിലയിലേക്കെത്തി. എന്‍എസ്ഇ നിഫ്റ്റി ഫിഫ്റ്റി സൂചിക 14,700 മാര്‍ക്ക് തിരിച്ചുപിടിച്ചു. 14,746 വരെ നിഫ്റ്റി രാവിലെ ഉയര്‍ന്നു. ബജാജ് ഓട്ടോ, ബജാജ് ഫൈനാന്‍സ്, ബജാജ് ഫിന്‍സെര്‍വ് ഓഹരികള്‍ ഇന്ന് കാര്യമായ നേട്ടം കുറിക്കുന്നുണ്ട്. 1.5 മുതല്‍ 2 ശതമാനം വരെ മുന്നേറ്റം ബജാജ് ഓഹരികളില്‍ കാണാം. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ടാറ്റ മോട്ടോര്‍സ്, ഹീറോ മോട്ടോകോര്‍പ്പ്, ഡിവിസ് ലാബ്‌സ് ഓഹരികളും നേട്ടത്തിലാണ് വ്യപാരം നടക്കുന്നത് .
തകർച്ച നേരിടുന്നഓഹരികളുടെ പട്ടികയിൽ ബ്രിട്ടാണിയ, ഹിന്ദുസ്താന്‍ യുണിലെവര്‍, ഹിന്‍ഡാല്‍കോ, ജെഎസ്ഡബ്ല്യു സ്റ്റീല്‍, മാരുതി സുസുക്കി ഓഹരികള്‍ 1 ശതമാനം വരെ തകര്‍ച്ച നേരിടുന്നുണ്ട്. വിശാല വിപണികളില്‍ ബിഎസ്ഇ മിഡ്ക്യാപ് 0.76 ശതമാനം മുന്നേറി; ബിഎസ്ഇ സ്‌മോള്‍ക്യാപ് 0.74 ശതമാനവും നേട്ടം കുറിച്ചു. വ്യവസായങ്ങള്‍ അടിസ്ഥാനപ്പെടുത്തിയുള്ള വില സൂചിക പരിശോധിച്ചാല്‍ നിഫ്റ്റി മെറ്റലില്‍ വ്യാപകമായ ലാഭമെടുപ്പ് തുടരുകയാണ്. ഇതോടെ സൂചിക 0.25 ശതമാനം താഴോട്ടു പോയി. നിഫ്റ്റി ഓട്ടോയാണ് ഇന്ന് തിളങ്ങുന്നത്. 1.4 ശതമാനം നേട്ടം നിഫ്റ്റി ഓട്ടോയും 0.7 ശതമാനം നേട്ടം നിഫ്റ്റി ബാങ്ക് സൂചികയും രാവിലെ കയ്യടക്കുന്നു. 21 കമ്പനികള്‍ ബുധനാഴ്ച്ച മാര്‍ച്ച് പാദത്തിലെ സാമ്പത്തിക ഫലം പുറത്തുവിടാനിരിക്കുകയാണ്. ബജാജ് ഫിന്‍സെര്‍വ്, ബയോകോണ്‍, മാസ്‌ടെക്, ബോംബെ ഡൈയിങ് ആന്‍ഡ് മാനുഫാക്ചറിങ് കമ്പനികള്‍ ഇതിലുണ്ട്.