കോഴിക്കോട്: കൊടകര കുഴല്‍പ്പണ കേസില്‍ തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളോട് പൊട്ടിത്തെറിച്ച് പ്രതികരിച്ച് ബിജെപി നേതാവ് ശോഭ സുരേന്ദ്രന്‍. കൊടകര കുഴല്‍പ്പണക്കേസില്‍ മാധ്യമങ്ങള്‍ തനിക്കെതിരെ തെറ്റായ ആരോപണങ്ങള്‍ ഉന്നയിക്കുന്നുവെന്ന് ശോഭ സുരേന്ദ്രന്‍ പറഞ്ഞു. തിരൂര്‍ സതീഷിന് പിന്നില്‍ താനാണെന്ന് വാര്‍ത്തകള്‍ വരുന്നുണ്ട്. തനിക്കെതിരെ പുറത്തുവരുന്ന ആരോപണങ്ങള്‍ തെറ്റാണ്. രേഖയില്ലാതെയാണ് തനിക്കെതിരെ വലിയ ആരോപണം ഉന്നയിക്കുന്നത്. സതീഷിന്റെ പിറകില്‍ ശോഭയാണെന്ന് ചാര്‍ത്തി നല്‍കുകയാണ്. തന്റെ ജീവിതം വെച്ച് കളിക്കാന്‍ ഒരാളെയും ഞാന്‍ അനുവദിക്കില്ലെന്നും ശോഭ സുരേന്ദ്രന്‍ രൂക്ഷഭാഷയില്‍ പ്രതികരിച്ചു.
മുന്‍ എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജനെതിരെയും ശോഭ ആരോപണമുന്നയിച്ചു. ഇപി ജയരാജന്‍ തനിക്കെതിരെ പ്രവര്‍ത്തിക്കുന്നു. കേരളത്തില്‍ മുഖ്യമന്ത്രി ഏറ്റവും വലിയ ഡോണായി പ്രവര്‍ത്തിക്കുന്നുവെന്നും ശോഭ കുറ്റപ്പെടുത്തി. ശോഭ കേരളത്തില്‍ ഉണ്ടാകരുതെന്ന് ആഗ്രഹിക്കുന്ന ആളാണ് പിണറായി. വീണ വിജയന്റെ കൂട്ടുകാരിയാണ് കണ്ണൂരിലെ ദിവ്യയെന്നും ശോഭ സുരേന്ദ്രന്‍ ആരോപിച്ചു.