ശ്രീരംഗപട്ടണം: മൈസൂരില്‍ ഞായറാഴ്ച വരെ റാലികള്‍ക്കും പ്രതിഷേധങ്ങള്‍ക്കും നിരോധനം. സിആര്‍പിസി സെക്ഷന്‍ 144 പ്രകാരം നഗരത്തില്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തി. ഫെബ്രുവരി 12ന് രാവിലെ 6 മണി മുതല്‍ ഫെബ്രുവരി 13ന് രാത്രി 10 മണി വരെ നിരോധന ഉത്തരവുകള്‍ പ്രാബല്യത്തില്‍ ഉണ്ടായിരിക്കും. ഹിജാബ് വിഷയത്തില്‍ അജ്ഞാതര്‍ ആഹ്വാനം ചെയ്ത പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി.
ക്രമസമാധാന പ്രശ്‌നങ്ങള്‍ ഒഴിവാക്കുന്നതിനാണ് പ്രതിഷേധങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയതെന്ന് പൊലീസ് അറിയിച്ചു. ജില്ലയില്‍ ഒരു തരത്തിലുമുള്ള പ്രതിഷേധ പ്രകടനങ്ങളും റാലികളും അനുവദിക്കില്ല. നിരോധനാജ്ഞ കര്‍ശനമായി പാലിക്കണമെന്നും അല്ലാത്തപക്ഷം കടുത്ത നടപടി ഉണ്ടാകുമെന്നും പൊലീസ് മുന്നറിയിപ്പ് നല്‍കി. ഫെബ്രുവരി 4 ന് കര്‍ണാടകയിലെ ഉഡുപ്പി ഗവണ്‍മെന്റ് ഗേള്‍സ് പിയു കോളജില്‍ ഹിജാബ് ധരിച്ചെത്തിയ മുസ്ലീം വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നിഷേധിച്ചിരുന്നു. ഇതിനു പിന്നാലെയാണ് വലിയ പ്രതിഷേധം ആരംഭിച്ചത്.
കര്‍ണാടക ഹൈക്കോടതി ഹിജാബ് നിരോധനത്തെ ചോദ്യം ചെയ്യുന്ന വിവിധ ഹര്‍ജികള്‍ പരിഗണിക്കുമ്പോള്‍ സംസ്ഥാനത്തെ സമാധാനം നിലനിര്‍ത്താന്‍ വിദ്യാര്‍ത്ഥി സമൂഹത്തോടും പൊതുജനങ്ങളോടും അഭ്യര്‍ത്ഥിച്ചിരുന്നു. ഹിജാബ് വിവാദവുമായി ബന്ധപ്പെട്ട അടിയന്തര ഹര്‍ജികള്‍ കേള്‍ക്കാന്‍ സുപ്രീം കോടതി വെള്ളിയാഴ്ച വിസമ്മതിക്കുകയും സംസ്ഥാനത്ത് എന്താണ് സംഭവിക്കുന്നതെന്ന് നിരീക്ഷിക്കുകയാണെന്നും വ്യക്തമാക്കിയിരുന്നു.