സംസ്ഥാനത്ത് മഴ സാധ്യത; വിവിധ ജില്ലകളില്‍ അലേര്‍ട്ടുകള്‍ പ്രഖ്യാപിച്ചു
സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം ഇന്ന് അറബിക്കടലിലേക്ക് എത്തും എന്നാണ് വിലയിരുത്തല്‍. ന്യൂനമര്‍ദ്ദം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് സംസ്ഥാനത്ത് മഴ കനക്കുന്നത്.
തിരുവനന്തപുരം, കൊല്ലം ,പത്തനംതിട്ട , കോട്ടയം എറണാകുളം, ഇടുക്കി , കോഴിക്കോട് വയനാട് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് ആണ് . ആലപ്പുഴ ,പാലക്കാട് , മലപ്പുറം ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
വ്യാഴാഴ്ച വരെ സംസ്ഥാനത്ത് മഴ തുടര്‍ന്നേക്കും ശക്തമായ കാറ്റിനും ഇടിമിന്നലും സാധ്യതയുണ്ട്. മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുതെന്നും മുന്നറിയിപ്പുണ്ട്.
അതേസമയം മുല്ലപ്പെരിയാറില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ അടച്ച എല്ലാ ഷട്ടറുകളും വീണ്ടും തുറന്നിരുന്നു. നിലവില്‍ 6 ഷട്ടറുകളിലൂടെ വെള്ളം പുറത്തേക്ക് ഒഴുക്കുന്നുണ്ട്.
6ഷട്ടറുകളും 60 സെ.മീ ഉയര്‍ത്തിയാണ് വെള്ളം ഒഴുക്കുന്നത്. നീരൊഴുക്ക് വര്‍ധിച്ചതോടെയാണ് ഷട്ടറുകള്‍ വീണ്ടും തുറന്നത്. ഇന്നലെ നീരൊഴുക്ക് കുറഞ്ഞതോടെ 5 ഷട്ടറുകള്‍ അടച്ചിരുന്നു.
രണ്ട്, മൂന്ന്, നാല് ഷട്ടറുകള്‍ 65 സെന്റീമീറ്റര്‍ വീതമാണ് ഉയര്‍ത്തിയത്. ജലനിരപ്പ് വീണ്ടും ഉയരുന്ന സാഹചര്യത്തിലാണ് തമിഴ്നാടിന്റെ നടപടി. ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളില്‍ ശക്തമായ മഴ പെയ്യുന്നുണ്ട്.