തൃക്കാക്കര നഗരസഭയില്‍ കയ്യാങ്കളി;
ചെയര്‍പേഴ്‌സണ്‍ ഉള്‍പ്പടെ പരിക്ക്
കൊച്ചി: തൃക്കാക്കര നഗരസഭയില്‍ ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടി. ചെയര്‍പേഴ്‌സണ്‍ അജിതാ തങ്കപ്പന്‍ അടക്കമുള്ളവര്‍ക്ക് പരിക്ക് . രാവിലെ ചേര്‍ന്ന കൗണ്‍സില്‍ യോഗത്തിനിടെ ആണ് ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ ഏറ്റുമുട്ടിയത്. അജണ്ടയില്‍ ഇല്ലാത്ത വിഷയം അവതരിപ്പിക്കാന്‍ ശ്രമിച്ചതാണ് പ്രതിപക്ഷ ബഹളത്തിന് കാരണമായത്.
ചെയര്‍പേഴ്‌സന്റെ മുറിയുടെ ഒരു പൂട്ട് മാറ്റിയതിനെ ചൊല്ലിയുള്ള അജണ്ടയാണ് കൗണ്‍സില്‍ യോഗത്തിലെ കയ്യാങ്കളിക്ക് കാരണം. പൂട്ട് തകര്‍ന്നത് ഓണക്കിഴി വിവാദത്തിനിടെയാണ്. വിവാദം കത്തി നില്‍ക്കെ ചെയ്ര്‍പേഴ്‌സന്‍ അജിത തങ്കപ്പന്‍ അന്ന് മുറിപൂട്ടി പോയിരുന്നു. പിന്നെ തുറക്കാനായില്ല. ഒടുവില്‍ പൂട്ട് പൊളിച്ചാണ് അകത്ത് കയറിയത്. ആപൂട്ടിന്റെ ചെലവും പണിക്കൂലിയുമായി 8000 രൂപ കൗണ്‍സില്‍ അംഗീകരിക്കണമെന്ന അജണ്ടവന്നു. ഇതോടെയാണ് അടി തുടങ്ങിയത്.
പൂട്ട് തകര്‍ത്തത് ചെയര്‍പേഴ്‌സണ്‍ തന്നെയാണെന്നും അതിന്റെ ചെലവ് നഗരസഭ അക്കൗണ്ടില്‍ നിന്ന് ഈടാക്കാനാകില്ലെന്നുമാണ് പ്രതിപക്ഷം പറയുന്നത്. ഇത് സംബന്ധിച്ച് പ്രതിപക്ഷം നല്‍കിയ കേസ് പൊലീസ് പരിഗണനയിലുമാണ്. എന്നാല്‍ പ്രതിപക്ഷം തന്നെയാണ് തന്റെ ക്യാബിനിന്റെ പൂട്ടിന് കേട്പാട് വരുത്തിയതെന്നും തന്നെ പിന്തുടര്‍ന്ന് വേട്ടയാടുകയാണെന്നും അജിത തങ്കപ്പന്‍ പറഞ്ഞു.
സ്ഥിരം സംഘര്‍ഷവേദിയായ തൃക്കാക്കര നഗരസഭയ്ക്ക് കൗണ്‍സില്‍ വിളിക്കാന്‍ ഹൈക്കോടതി പൊലീസ് പ്രൊട്ടക്ഷന്‍ അനുവദിച്ചിട്ടുണ്ട്. ഇതൊക്കെ നിലനില്‍ക്കെയാണ് പൂട്ടിനെചൊല്ലിയുള്ള അടിപിടി. സംഭവത്തില്‍ ഭരണ പ്രതിപക്ഷത്തെ 6 കൗണ്‍സിലര്‍മാര്‍ ആശുപത്രിയില്‍ ചികിത്സ തേടി.