സന്നിധാനം പ്രാര്‍ത്ഥനാ നിര്‍ഭരം: മകരവിളക്ക് ഇന്ന്
 



പത്തനംതിട്ട: ഭക്തലക്ഷങ്ങള്‍ പ്രാര്‍ത്ഥനയോടെ കാത്തിരിക്കുന്ന ശബരിമല മകരവിളക്ക് ഇന്ന്. അയ്യപ്പ വിഗ്രഹത്തില്‍ ചാര്‍ത്താനുള്ള തിരുവാഭരണ ഘോഷയാത്ര വൈകിട്ട് ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫീസറുടെ നേതൃത്വത്തില്‍ ശരംകുത്തിയില്‍ സ്വീകരിക്കും. ആറരയോടെ അയ്യപ്പന് തിരുവാഭരണം ചാര്‍ത്തി മഹാദീപാരാധന. ദീപാരാധനയ്ക്ക് ശേഷം കിഴക്ക് പൊന്നമ്പലമേട്ടില്‍ മകര ജ്യോതി ദൃശ്യമാവും. മകരവിളക്ക് ദര്‍ശനം സാധ്യമാകുന്ന എല്ലായിടങ്ങളിലും പര്‍ണശാലകള്‍ നിറഞ്ഞു. കഴിഞ്ഞ രണ്ട് ദിവസമായി ദര്‍ശനത്തിന് എത്തിയ തീര്‍ത്ഥാടകര്‍ മലയിറങ്ങാതെ കാത്തിരിപ്പിലാണ്. ശബരിമലയിലും നിലക്കലിലും, പമ്പയിലും സമീപ പ്രദേശങ്ങളിലുമായി 5000 പോലീസുകാര്‍ സുരക്ഷ ഒരുക്കും. ഇന്ന് ഉച്ചക്ക് 12 മണി വരെ മാത്രമാണ് തീര്‍ത്ഥാടകരെ ശബരിമലയില്‍ പ്രവേശിപ്പിക്കുക.

മകരവിളക്കിനൊരുങ്ങിയിരിക്കുന്ന ശബരിമല ഇക്കുറി പ്രതീക്ഷിക്കുന്നത് രണ്ട് ലക്ഷത്തോളം ഭക്തരെയാണ്.  ഇന്ന് പൂര്‍ണമായും കാനന പാതയിലൂടെ സഞ്ചരിക്കുന്ന തിരുവാഭരണ ഘോഷയാത്രയെ അഞ്ചരയ്ക്ക് ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫീസറുടെ നേതൃത്വത്തില്‍ ശരംകുത്തിയില്‍ സ്വീകരിക്കും. ആറരയോടെ അയ്യപ്പന് തിരുവാഭരണം ചാര്‍ത്തി മഹാദീപാരാധന. ദീപാരാധനയ്ക്ക് ശേഷമാകും കിഴക്ക് പൊന്നമ്പലമേട്ടില്‍ മകര ജ്യോതി ദൃശ്യമാവുക.

ഈ വര്‍ഷത്തെ മകരവിളക്ക് മഹോത്സവവുമായി ബന്ധപ്പെട്ട് എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് സന്നിധാനത്ത് ദേവസ്വം ബോര്‍ഡ് കോണ്‍ഫറന്‍സ് ഹാളില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്, ശബരിമല ചീഫ് പോലീസ് കോ-ഓര്‍ഡിനേറ്റര്‍ എസ്. ശ്രീജിത്ത്, ശബരിമല സ്‌പെഷ്യല്‍ കമ്മീഷണര്‍ ആര്‍. ജയകൃഷ്ണന്‍, സന്നിധാനം സ്‌പെഷ്യല്‍ ഓഫീസര്‍ വി. അജിത്ത്, ദേവസ്വം ബോര്‍ഡ്   അംഗങ്ങള്‍ എന്നിവരുടെ നേതൃത്വത്തില്‍ അവസാനവട്ട പരിശോധന പൂര്‍ത്തിയാക്കി. മകരജ്യോതി ദര്‍ശനത്തിനായി സന്നിധാനത്തും ജ്യോതി ദര്‍ശിക്കുന്ന മറ്റിടങ്ങളിലും തമ്പടിച്ചിരുന്ന ഭക്തരുടെ സുരക്ഷയ്ക്കായി പൊലീസിന്റെയും വനംവകുപ്പിന്റെയും റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സിന്റെയും മറ്റു സര്‍ക്കാര്‍ സംവിധാനങ്ങളുടെയും നേതൃത്വത്തില്‍ ബാരിക്കേഡുകള്‍ കെട്ടിയും വെളിച്ചത്തിനായുള്ള സംവിധാനങ്ങളൊരുക്കിയും ശക്തമായ സുരക്ഷാക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. മകരവിളക്ക് ദര്‍ശനം കഴിഞ്ഞ് പമ്പയിലേക്ക് മടങ്ങുന്ന ഭക്തര്‍ പൊലീസിന്റെ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം. അപകടങ്ങളുണ്ടാകാതിരിക്കാന്‍ ഓരോ ഭക്തനും സ്വയം നിയന്ത്രിക്കണമെന്ന് പ്രസിഡന്റ് പറഞ്ഞു. ഒന്നരലക്ഷത്തോളം ഭക്തരെയാണ് മകര വിളക്ക് ദര്‍ശനത്തിനായി സന്നിധാനത്ത് പ്രതീക്ഷിക്കുന്നത്. കുട്ടികളും അമ്മമാരും ജനുവരി 14 ദര്‍ശനത്തിന് തിരഞ്ഞെടുക്കാതിരിക്കുന്നതാണ് നല്ലതെന്ന് പ്രസിഡണ്ട് അഭ്യര്‍ത്ഥിച്ചു. ജനുവരി 15 മുതല്‍ 17 വരെ തിരുവാഭരണം ദര്‍ശനം ഉണ്ടായിരിക്കും. അവര്‍ക്ക് ഈ ദിവസം തെരഞ്ഞെടുക്കാവുന്നതാണ്. മകരവിളക്ക് ദര്‍ശനശേഷം മടങ്ങിപ്പോവാനായി തിരക്ക് കൂട്ടരുത്. മടക്കയാത്രക്കായി  പമ്പയില്‍ 800 ഓളം ബസ്സുകള്‍ കെഎസ്ആര്‍ടിസി സജ്ജമാക്കിയിട്ടുണ്ട്. 150 ഓളം ബസ്സുകള്‍ ഷട്ടില്‍ സര്‍വീസ് നടത്തും.
ജ്യോതിദര്‍ശനത്തിനായി സന്നിധാനത്തും പരിസരത്തും തമ്പടിച്ചിരുന്ന ഭക്തര്‍ക്ക് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മൂന്ന് നേരവും അന്നദാനം അവര്‍ക്കരികിലേക്ക് എത്തിച്ചുനല്‍കുന്നുണ്ട്. ഇതിനുപുറമെ ഈ പോയിന്റുകളില്‍ കൂടുതല്‍ ചുക്കുവെള്ള കൗണ്ടറുകളും ബിസ്‌ക്കറ്റ് ഉള്‍പ്പെടെയുള്ള ലഘുഭക്ഷണവും പരമാവധി എത്തിക്കാനാണ് ശ്രമം.  ഒരു കാരണവശാലും തമ്പടിച്ചിരിക്കുന്ന ഭക്തര്‍ അടുപ്പുകൂട്ടി   ഭക്ഷണം പാചകം ചെയ്യാന്‍ പാടില്ലെന്ന് പൊലീസിന്റെ കര്‍ശന നിര്‍ദേശമുണ്ട്. അതിനാലാണ് ദേവസ്വം ബോര്‍ഡ് അവര്‍ക്കരികിലേക്ക് ഭക്ഷണമെത്തിക്കുന്നത്.

ഇന്ന് വെര്‍ച്വല്‍ ക്യൂ വഴി 40,000 പേരെയും തത്സമയ ഓണ്‍ലൈന്‍ ബുക്കിംഗ് വഴി 1000 പേരെയും പ്രവേശിപ്പിക്കും. ജനുവരി 15ന് രാവിലെ ആറ് മണിക്ക് ശേഷമേ നിലയ്ക്കലില്‍ നിന്നും പമ്പയിലേക്ക് ഭക്തരെ പ്രവേശിപ്പിക്കുകയുള്ളൂ. അന്നേ ദിവസം രാവിലെ 11 ന് ശേഷം മാത്രമെ തത്സമയ ഓണ്‍ലൈന്‍ ബുക്കിംഗ് പുനരാരംഭിക്കുകയുള്ളൂ. മകരവിളക്ക് ദിവസമായ 14 ന് രാവിലെ 10 മുതല്‍ നിലയ്ക്കലില്‍ നിന്നും പമ്പയിലേക്ക് കെ എസ് ആര്‍ ടി സി ബസുകള്‍ക്ക് നിയന്ത്രണമുണ്ടാകും. തിരുവാഭരണ ഘോഷയാത്ര സന്നിധാനത്തേക്ക് കടന്നുവരുന്നതിനാല്‍ 14 ന് ഉച്ചക്ക് 12 ന് ശേഷം പമ്പയില്‍ നിന്നും സന്നിധാനത്തേക്ക് ഭക്തരെ കടത്തിവിടില്ല. തിരുവാഭരണഘോഷയാത്രയെ വൈകിട്ട് 5.30 ന് ശരംകുത്തിയില്‍ ശബരിമല എക്സിക്യൂട്ടിവ് ഓഫീസര്‍ ബി. മുരാരി ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘം സ്വീകരിക്കും. 6.30 ന് കൊടിമരച്ചുവട്ടില്‍ ദേവസ്വം വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍, തമിഴ്‌നാട് ഹിന്ദുമത ധര്‍മ്മ സ്ഥാപന വകുപ്പ് മന്ത്രി പി കെ ശേഖര്‍ ബാബു, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്, അംഗങ്ങള്‍, മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിക്കും. തന്ത്രി കണ്ഠരര് രാജീവര്, മേല്‍ശാന്തി അരുണ്‍കുമാര്‍ നമ്പൂതിരി എന്നിവര്‍ ചേര്‍ന്ന് തിരുവാഭരണ പേടകം ശ്രീകോവിലിലേക്ക് ഏറ്റുവാങ്ങും. തുടര്‍ന്ന് ഭഗവാന് തിരുവാഭരണം ചാര്‍ത്തിയുള്ള മഹാദീപാരാധന നടക്കും. ഈ സമയം പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിയും. ആകാശത്ത് മകരസംക്രമ നക്ഷത്രവും ദൃശ്യമാകും. മകരസംക്രമ മുഹൂര്‍ത്തമായ ജനുവരി 14 ന് രാവിലെ 8.45 ന് തിരുവിതാംകൂര്‍ കൊട്ടാരത്തില്‍നിന്നും എത്തിക്കുന്ന നെയ്യാണ് ഭഗവാന് അഭിഷേകം ചെയ്യുന്നത്. ജനുവരി 19 ന് മാളികപ്പുറത്തെ മഹാഗുരുതിയോടെ ഈവര്‍ഷത്തെ  മകരവിളക്ക് മഹോത്സവത്തിന് സമാപനമാവും.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media