കോഴിക്കോട്: വനം വകുപ്പ് പരിസ്ഥിതി ലേല പ്രദേശയമായി പ്രഖ്യാപിച്ച സ്ഥലത്ത് ഔഷധ സസ്യങ്ങള്‍ നട്ടുവളര്‍ത്താന്‍ അനുമതി നല്‍കുന്ന കാര്യം പരിഗണിക്കുമെന്ന് വനം മന്ത്രി എ.കെ. ശശീന്ദ്രന്‍. കോഴിക്കോട്ട് ആയുര്‍വ്വേദ ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് അസോസിയേഷന്‍ ( എ.എച്ച്.എം.എ) 18-ാമത് സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.കേരളത്തിന്റെ സമ്പദ്ഘടനയില്‍ വലിയ മാറ്റം ഉണ്ടാക്കാന്‍ ആയുര്‍വ്വേദത്തിന് കഴിയും. എന്നാല്‍ അസംസ്‌കൃത വസ്തുക്കളുടെ ലഭ്യതക്കുറവ് ആയുര്‍വ്വേദ മരുന്നു നിര്‍മാണത്തെ സാരമായി ബാധിക്കുന്നുണ്ട്. വനം വകുപ്പിന്റെ അധീനതയിലുള്ള കേരളത്തിലെ പരിസ്ഥിതി ലോല പ്രദേശങ്ങളില്‍ ഔഷധ സസ്യങ്ങള്‍ വ്യാപകമാ
വച്ചു പിടിപ്പിച്ചാല്‍ പ്രശ്‌നത്തിന് പരിഹാരമാകും. പാരിസ്ഥിതിക പഠനം നടത്തി അനുകൂലമാണെങ്കില്‍ ഇത്തരത്തില്‍ കൃഷി ചെയ്യുന്നതിന് അനുമതി നല്‍കുന്ന കാര്യം പരിശോധിക്കാമെന്നും മന്ത്രി പറഞ്ഞു.
ചടങ്ങില്‍ എം.കെ. രാഘവന്‍ എം.പി മുഖ്യാതിഥിയിയായിരുന്നു. ആയുഷ്മാന്‍ ഭാരത് പദ്ധതിയില്‍ ആയുര്‍വ്വേദത്തെ കൂടി ഉള്‍പ്പെടുത്തുന്ന കാര്യം ഉറപ്പാക്കണമെന്ന് അടുത്ത പാര്‍ലമെന്റ് സമ്മേളനത്തില്‍ ലോക്‌സഭയില്‍ ആവശ്യപ്പെടുമെന്ന് എം.കെ. രാഘവന്‍ പറഞ്ഞു. കേരളത്തിന്റെ സാമ്പത്തിക വികസനത്തിന് ആയുര്‍വ്വേദത്തിനു വഹിക്കാനുള്ള പങ്ക് വലുതാണ്. അന്തര്‍ദേശീയ തലത്തില്‍ കേരളത്തിലെ ആയുര്‍വ്വേദത്തിന്റെ മഹത്വം പ്രചരിപ്പിക്കാനാവണം.എന്നാല്‍ ഇക്കാര്യത്തില്‍ നമ്മള്‍ പരാജയമാണ്. ഇതിനായുള്ള പ്രചാരണത്തിന് എ.എച്ച്.എം.എ ബൃഹത്തായ പദ്ധതികള്‍ ആവിഷ്‌ക്കരിക്കണം. ഔഷധ സസ്യങ്ങള്‍ വ്യാപകമായി വച്ചുപിടിപ്പിക്കാന്‍ പദ്ധതികള്‍ ആവിഷ്‌ക്കരിക്കണം. വനം - കാര്‍ഷിക - വിദ്യഭ്യാസ വകുപ്പുകള്‍ കൈകോര്‍ത്ത് ഇത് നടപ്പിലാക്കണമെന്നും എം.കെ. രാഘവന്‍ പറഞ്ഞു. ചടങ്ങില്‍ എ.എച്ച്.എം.എ സംസ്ഥാന പ്രസിഡന്റ് സനല്‍ കുമാര്‍ കുറിഞ്ഞിക്കാട്ടില്‍ അധ്യക്ഷത വഹിച്ചു. മുണ്ടക്കൈ ദുരന്ത ഭൂമിയില്‍ എ.എച്ച്.എം.എ ആയുര്‍മിത്രം പദ്ധതിയുടെ ഭാഗമായി സന്നദ്ധ സേവനം നടത്തിയ ആരോഗ്യ പ്രവര്‍ത്തകരെ കോട്ടക്കല്‍ ആര്യവൈദ്യ ശാല മാനേജിംഗ് ട്രസ്റ്റി ഡോ.പി.എം. വാര്യര്‍ ആദരിച്ചു. ഡോ. വിജയന്‍ നങ്ങേലില്‍, ഡോ.സി. സുരേഷ് കുമാര്‍, ഡോ.ബി.ജി ഗോകുലന്‍, മേപ്പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബാബു എന്നിവര്‍ സംസാരിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ.ഇടൂഴി ഉണ്ണികൃഷ്ണന്‍ സ്വാഗതവും സെക്രട്ടറി ഡോ. റഹ്മത്തുള്ള നന്ദിയും പറഞ്ഞു.
നാട്ടു വൈദ്യത്തിന്റെ പരിപോഷണമെന്നു പറഞ്ഞ് കമ്മീഷനെ നിയമിക്കാനും ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കാനും കേരള ബജറ്റില്‍ തുക വകയിരുത്തിയ സര്‍ക്കാര്‍ നടപടി വ്യാജ വൈദ്യത്തെ പ്രോത്സാഹിപ്പിക്കാനേ ഉപകരിക്കൂവെന്നും അതിനാല്‍ ഇത്തരം നീക്കങ്ങളില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. പാര്‍ശ്വ ഫലങ്ങള്‍ ഉണ്ടെന്നതുള്‍പ്പെടെ ആയുര്‍വ്വേദത്തിനെതിരെ സോഷ്യല്‍ മീഡിയകളില്‍ വഴി നടക്കുന്ന കുപ്രചരണങ്ങള്‍ക്കെതിരെ കര്‍ശന നടപടി കൈക്കൊള്ളുക തുടങ്ങി ആറോളം പ്രമേയങ്ങളും സമ്മേളനത്തില്‍ അവതരിപ്പിക്കപ്പെട്ടു. സ്വകാര്യ ആയുര്‍വ്വേ ഹോസ്പിറ്റലുകള്‍ക്കും ജീവനക്കാര്‍ക്കും ഇന്‍ഷ്വറന്‍സ് പരിരക്ഷ ഉറപ്പാക്കുന്ന ആയുര്‍ മിത്രം പദ്ധതിക്കും സമ്മേളനം തുടക്കം കുറിച്ചു.
സംഘടനാ സമ്മേളനത്തില്‍ സംസ്ഥാന പ്രസിഡന്റ് ഡോ. സനല്‍ കുമാര്‍ കുറിഞ്ഞിക്കാട്ടില്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഡോ. ഇടൂഴി ഉണ്ണിക്കൃഷ്ണന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ ഡോ. ലിജു മാത്യു വരവു ചെലവു കണക്കുകളും അവതരിപ്പിച്ചു. വനിതാ കമ്മറ്റി പ്രവര്‍ത്തന റിപ്പോര്‍ട്ട് ഡോ.രമാ കുമാരിയും, ഇന്‍ഷ്വറന്‍സ് പ്രവര്‍ത്തന റിപ്പോര്‍ട്ട് ഡോ. ഇന്ദു ചൂഡനും അവതരിപ്പിച്ചു.