ബീജിംഗ്: ആഗോള വ്യാപാര യുദ്ധത്തിന്റെ കാഹളം മുഴക്കി ചൈനയും. ഇന്ന് മുതല്‍ ചൈനയ്ക്ക് 10 ശതമാനം അധിക തീരുവ ഏര്‍പ്പെടുത്തിയിരിക്കുകയാണ് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇതോടെ അമേരിക്കയില്‍ നിന്നുള്ള ചില ഇറക്കുമതികള്‍ക്ക് 10-15% അധിക തീരുവ ചുമത്തുമെന്ന് ചൈനീസ് ധനകാര്യ മന്ത്രാലയം പ്രഖ്യാപിച്ചിട്ടുണ്ട്. മാര്‍ച്ച് 10 മുതല്‍ ഇത് നിലവില്‍ വരും. ചിക്കന്‍, ഗോതമ്പ്, ചോളം, പരുത്തി എന്നിവയുള്‍പ്പെടെയുള്ള അമേരിക്കയില്‍ നിന്നെത്തുന്ന പ്രധാന ഇറക്കുമതികള്‍ക്ക് താരിഫ് ബാധകമാകും. ലോകത്തിലെ ഏറ്റവും വലിയ രണ്ട് സമ്പദ്വ്യവസ്ഥകള്‍ തമ്മിലുള്ള വ്യാപാര യുദ്ധത്തില്‍ ചൈനയുടെ ഈ തീരുമാനം നിര്‍ണയാകമാകും.
യുഎസിലെ കോഴി, ഗോതമ്പ്, ചോളം, പരുത്തി എന്നിവയുടെ ഇറക്കുമതിക്ക് 15% അധിക താരിഫ് നേരിടേണ്ടിവരുമെന്ന് ചൈനീസ് മന്ത്രാലയം പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു. സോയാബീന്‍, പന്നിയിറച്ചി, ബീഫ്, കടല്‍ വിഭവങ്ങള്‍, പഴങ്ങള്‍, പച്ചക്കറികള്‍, പാലുല്‍പ്പന്നങ്ങള്‍ എന്നിവയുടെ താരിഫ് 10% വര്‍ദ്ധിപ്പിക്കും. ഇന്ന് മുതല്‍ ചൈന, കാനഡ, മെക്‌സിക്കോ എന്നിവിടങ്ങളില്‍ നിന്നുള്ള ഇറക്കുമതികള്‍ക്ക് യുഎസ് വന്‍തോതിലുള്ള തീരുവകള്‍ ഏര്‍പ്പെടുത്തി. ഇത് വ്യാപാരികളെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. ട്രംപ്, കാനഡയില്‍ നിന്നും മെക്‌സിക്കോയില്‍ നിന്നുമുള്ള എല്ലാ ഇറക്കുമതികള്‍ക്കും 25% തീരുവ ചുമത്തി, അതേസമയം നിലവിലുള്ള തീരുവകള്‍ക്ക് പുറമേ ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് 10% അധിക തീരുവ വര്‍ദ്ധിപ്പിച്ചു. അമേരിക്കയുടെ വ്യാപാര ബന്ധങ്ങള്‍ പുനര്‍നിര്‍മ്മിക്കുന്നതിനുള്ള തന്ത്രത്തിന്റെ ഭാഗമായാണ് ഈ നടപടി എന്നാണ് സൂചന. എന്നാല്‍ ഇത്തരമൊരു കടുത്ത നീക്കം ആഗോള വിതരണ ശൃംഖലകളെ തടസ്സപ്പെടുത്തുമെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്.