ഒമ്പത്  ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തെന്ന് സൈന്യം; വധിച്ചത് ഭീകരരെ മാത്രം, ആക്രമിച്ചാല്‍ തിരിച്ചടിക്കും
 


ദില്ലി: ഓപറേഷന്‍ സിന്ദൂര്‍ പഹല്‍ഗാം ആക്രമണത്തിനുള്ള മറുപടിയെന്ന് കേന്ദ്ര സര്‍ക്കാര്‍. വിദേശകാര്യ സെക്രട്ടറി വിളിച്ച വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. പാകിസ്ഥാന് തിരിച്ചടി നല്‍കിയത് കൃത്യമായ വിവരശേഖരണത്തിനു ശേഷമാണെന്ന് വാര്‍ത്താ സമ്മേളനത്തില്‍ കേണല്‍ സോഫിയ ഖുറേഷി വിശദീകരിച്ചു. പാകിസ്ഥാനിലെ 9 ഭീകര ക്യാമ്പുകള്‍ ആണ് തകര്‍ത്തതെന്നും സാധാരണക്കാര്‍ ആക്രമണത്തിന് ഇരയായിട്ടില്ലെന്നും അവര്‍ പറഞ്ഞു. പഹല്‍ഗാമിലെ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് നീതി ഉറപ്പാക്കിയെന്ന് വ്യോമസേന വിങ് കമാന്‍ഡര്‍ വ്യോമിക സിംഗ് പ്രതികരിച്ചു.

പുലര്‍ച്ചെ 1.05നും 1.30നും ഇടയ്ക്കാണ് ആക്രമണം നടന്നതെന്ന് കേണല്‍ സോഫിയ ഖുറേഷി പറഞ്ഞു. ഓപ്പറേഷന്‍ സിന്ദൂറിലൂടെ വിജയകരമായി ഒന്‍പത് ഭീകരവാദ പരിശീലന കേന്ദ്രങ്ങള്‍ തകര്‍ത്തു. കൃത്യമായ ഇന്റലിജന്‍സ് വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നടപടിയെടുത്തത്. പഹല്‍ഗാം ആക്രമണത്തിന് ശേഷവും പാകിസ്ഥാന്‍ ഭീകരര്‍ക്കെതിരെ നടപടിയെടുക്കാതെ വന്നതോടെയാണ് ആക്രമണം നടത്തിയത്. സാധാരണക്കാരാരും ഇന്ത്യയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടില്ല. ആക്രമണത്തിന്റെ ഉപഗ്രഹ ദൃശ്യങ്ങടക്കം കാട്ടിയാണ് കേണല്‍ ഇക്കാര്യം വിശദീകരിച്ചത്. 

പാകിസ്ഥാന്റെ മിലിട്ടറി കേന്ദ്രങ്ങള്‍ തകര്‍ത്തിട്ടില്ലെന്നും പാക്കിസ്ഥാന്‍ ഏതെങ്കിലും തരത്തിലുള്ള ആക്രമണത്തിന് മുതിര്‍ന്നാല്‍ തിരിച്ചടിക്കാന്‍ ഇന്ത്യന്‍ സേന പൂര്‍ണമായും സജ്ജമാണെന്നും കേണല്‍ സോഫിയ ഖുറേഷി വ്യക്തമാക്കി. പാകിസ്ഥാന്റെ ഭാഗത്ത് നിന്ന് പ്രകോപനമുണ്ടായാല്‍ തിരിച്ചടിക്കുമെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി വ്യക്തമാക്കി.

പഹല്‍ഗാമിലെ ബൈസരന്‍ വാലിയില്‍ നടന്ന ആക്രമണത്തെ കുറിച്ച് വിശദീകരിച്ചുകൊണ്ടാണ് വിദേശകാര്യ സെക്രട്ടറി സംസാരിച്ച് തുടങ്ങിയത്. പഹല്‍ഗാമില്‍ പാകിസ്ഥാനില്‍ നിന്നും ലഷ്‌കര്‍-ഇ-തൊയ്ബയാണ് ആക്രമണം നടത്തിയതെന്നും കശ്മീരിലെ സമാധാനവും ടൂറിസവും സാമ്പത്തിക വളര്‍ച്ചയും ഇല്ലാതാക്കാനുള്ള ശ്രമമാണ് നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. പാകിസ്ഥാന്‍ തീവ്രവാദത്തിന് പ്രോത്സാഹനം നല്‍കി. ഭീകരാക്രമണം നടത്തിയ ലഷ്‌കര്‍-ഇ-തൊയ്ബയ്ക്കും ടിആര്‍എഫിനും പാകിസ്ഥാന്‍ പിന്തുണ നല്‍കിയത് വ്യക്തമായി. ഭീകരര്‍ക്കെതിരെ നടപടിയെടുക്കുന്നതിന് പകരം പാകിസ്ഥാന്‍ തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുകയാണ് ചെയ്തത്. തിരിച്ചടി അനിവാര്യമായത് കൊണ്ടാണ് ഭീകര കേന്ദ്രങ്ങള്‍ ആക്രമിച്ചതെന്നും   വിക്രം മിസ്രി പറഞ്ഞു.
 

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media