നേട്ടങ്ങളില്ലാതെ ഓഹരി സൂചികകള്‍ ക്ലോസ് ചെയ്തു
മുംബൈ: നേട്ടങ്ങളൊന്നുമില്ലാതെ ഓഹരി സൂചികകള്‍ ക്ലോസ്ചെയ്തു. സെന്‍സെക്സ് 4.89 പോയന്റ് ഉയര്‍ന്ന് 55,949.10ലും നിഫ്റ്റി 2.20 പോയന്റ് നേട്ടത്തില്‍ 16,636.90ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
ദുര്‍ബലമായ ആഗോള സാഹചര്യത്തില്‍ നിക്ഷേപകര്‍ കരുതലോടെയാണ് വിപണിയില്‍ ഇടപെട്ടത്. ചൈനയും യുഎസും തമ്മിലുള്ള പുതിയ പിരിമുറക്കുവും ഡെല്‍റ്റ വകഭേദത്തിന്റെ വ്യാപനവും നേട്ടത്തിന് തടയിട്ടു.
ബ്രിട്ടാനിയ, ടാറ്റ കണ്‍സ്യൂമര്‍ പ്രൊഡക്ട്സ്, എച്ച്ഡിഎഫ്സി ലൈഫ്, ബിപിസിഎല്‍, റിലയന്‍സ് തുടങ്ങിയ ഓഹരികളാണ് ഇന്ന് നേട്ടമുണ്ടാക്കിയത്. അതേസമയം ഭാരതി എയര്‍ടെല്‍, ജെഎസ്ഡബ്ല്യു സ്റ്റീല്‍, മാരുതി സുസുകി, ഹിന്‍ഡാല്‍കോ, പവര്‍ഗ്രിഡ് തുടങ്ങിയ ഓഹരികള്‍ നഷ്ടംനേരിടുകയുംചെയ്തു.
മെറ്റല്‍ സൂചികക്ക് ഒരുശതമാനത്തിലേറെ നഷ്ടമായി. ഓട്ടോ, ഫാര്‍മ, പൊതുമേഖല ബാങ്ക് ഓഹരികളും സമ്മര്‍ദംനേരിട്ടു. എഫ്എംസിജി, ഓയില്‍ ആന്‍ഡ് ഗ്യാസ്, പവര്‍ സൂചികകളാണ് നേട്ടത്തില്‍ ക്ലോസ് ചെയ്തത്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകളും നേട്ടംനിലനിര്‍ത്തി.