ബിറ്റ്കോയിന്‍ വില കുത്തനെ ഇടിഞ്ഞു
ലോകത്തിലെ ഏറ്റവും വലിയ ക്രിപ്‌റ്റോകറന്‍സിയായ ബിറ്റ്‌കോയിന്റെ വില കുത്തനെ ഇടിഞ്ഞു. തുര്‍ക്കിയിലെ ക്രിപ്‌റ്റോകറന്‍സികളുടെ നിരോധനത്തെത്തുടര്‍ന്നാണ് ബിറ്റ്‌കോയിന്റെ മൂല്യം 4.6 ശതമാനം ഇടിഞ്ഞ് 60,333 ഡോളറിലെത്തിയത്. അപകടസാധ്യത ചൂണ്ടിക്കാട്ടിയാണ് തുര്‍ക്കിയിലെ സെന്‍ട്രല്‍ ബാങ്ക് ക്രിപ്‌റ്റോകറന്‍സികള്‍ക്ക് നിരോധനമേര്‍പ്പെടുത്തിയത്.
ബിറ്റ്‌കോയിനെ കൂടാതെ എതേറിയം, എക്സ്ആര്‍പി തുടങ്ങിയ ക്രിപ്റ്റോകറന്‍സികളുടെ മൂല്യത്തിലും ഇടിവുണ്ടായിട്ടുണ്ട്. എതേറിയത്തിന്റെയും എക്സ്ആര്‍പിയുടെയും മൂല്യത്തില്‍ 6 മുതല്‍ 12 ശതമാനം വരെ ഇടിവാണുണ്ടായത്. അതേസമയം തുര്‍ക്കിയില്‍ എല്ലാ ക്രിപ്റ്റോ ആസ്തികളുടെ ഇടപാടുകളും നിരോധിച്ചിട്ടുണ്ട്. ഏപ്രില്‍ 30 മുതല്‍ തുര്‍ക്കിയില്‍ ക്രിപ്‌റ്റോകറന്‍സികള്‍ ഉപയോഗിച്ച് പേയ്‌മെന്റുകള്‍ നടത്താനാകില്ല. ക്രിപ്‌റ്റോകറന്‍സികള്‍ക്ക് പിന്നിലുള്ള അജ്ഞാതയും വീണ്ടെടുക്കാനാകാത്ത നഷ്ടവും അപകടസാധ്യത വര്‍ധിപ്പിക്കുന്നുവെന്ന് തുര്‍ക്കി സെന്‍ട്രല്‍ ബാങ്ക് ചൂണ്ടിക്കാട്ടി.
ഉത്പന്നങ്ങള്‍ വാങ്ങുന്നതിനോ സേവനങ്ങള്‍ക്കുള്ള പ്രതിഫലമായോ നേരിട്ടോ അല്ലാതേയോ ലെഡ്ജര്‍ സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള ക്രിപ്‌റ്റോകറന്‍സികള്‍ ഉപയോഗിക്കുന്നതിനും സെന്‍ട്രല്‍ ബാങ്ക് വിലക്കിയിട്ടുണ്ട്. കഴിഞ്ഞദിവസം റോള്‍സ് റോയ്സ്, ലോട്ടസ് കാര്‍സ് എന്നിവയുടെ തുര്‍ക്കിയിലെ വിതരണക്കാരായ റോയല്‍ മോട്ടോഴ്സ് ക്രിപ്റ്റോകറന്‍സി ഉപയോഗിച്ചുള്ള പേയ്‌മെന്റ് സ്വീകരിക്കാന്‍ തുടങ്ങിയിരുന്നു.
ഇതിനുപിന്നാലെയാണ് നിയമംവഴി ക്രിപ്റ്റോ ഇടപാടുകള്‍ക്ക് തുര്‍ക്കി നിരോധനമേര്‍പ്പെടുത്തിയത്. നിരോധിച്ച കറന്‍സികളുമായി ഇടപാട് നടത്തുമ്പോള്‍ കനത്ത നഷ്ടമുണ്ടായേക്കാമെന്നും അതുകൊണ്ട് ബിറ്റ്കോയിന്‍ പോലുള്ള ക്രിപ്റ്റോകറന്‍സികളുടെ വിനിമയം ഉടന്‍ നിര്‍ത്തണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം ഇന്ത്യ ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ ക്രിപ്റ്റോകറന്‍സികള്‍ നിരോധിക്കാനുള്ള തീരുമാനവുമായി മുന്നോട്ട് പോകുകയാണ്.