ഗോഗ്ര മലനിരകളില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കാന്‍ ഇന്ത്യ- ചൈന ധാരണ
ന്യൂഡെല്‍ഹി: ലഡാക്ക് സംഘര്‍ഷം പരിഹരിക്കുന്നതിന്റെ ഭാഗമായി കിഴക്കന്‍ ലഡാക്കിലെ ഗോഗ്ര മലനിരകളില്‍ നിന്നും സൈന്യത്തെ പിന്‍വലിക്കാന്‍ ഇന്ത്യയും ചൈനയും തമ്മില്‍ ധാരണയായി. കഴിഞ്ഞ വര്‍ഷം മെയ് മുതല്‍ സ്ഥലത്ത് ഇന്ത്യയുടേയും ചൈനയുടേയും സൈനികര്‍ വിന്യസിച്ചിരുന്നു. കഴിഞ്ഞ ദിവസം നടന്ന മാന്‍ഡര്‍തല ചര്‍ച്ചയിലാണ് സൈനിക പിന്‍മാറ്റത്തില്‍ ധാരണയായത്.
പന്ത്രണ്ടാം തവണയാണ് ഇന്ത്യയും ചൈനയും തമ്മില്‍ ലഡാക് വിഷയത്തില്‍ സൈനികതല ചര്‍ച്ച നടത്തുന്നത്. ഒന്‍പത് മണിക്കൂറോളം നീണ്ട ചര്‍ച്ചയിലാണ് വിഷയത്തില്‍ ധാരണയായതെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ സൂചിപ്പിച്ചു. 6 മാസങ്ങള്‍ മുന്‍പാണ് ഇതിന് മുന്‍പ് ഇന്ത്യയും ചൈനയും തമ്മില്‍ സൈനിക പിന്‍മാറ്റത്തിന് ധാരണയിലെത്തിയത്. പാംഗോഗ് തടാക പ്രദേശത്ത് നിന്നും സൈനിക പിന്‍മാറ്റത്തിന് ആയിരുന്നു അന്ന് ധാരണയില്‍ എത്തിയിരുന്നത്.
അതേസമയം, ഗോഗ്ര കുന്നുകളിലെ സൈനിക പിന്മാറ്റം ആ ഘട്ടത്തില്‍ ധാരണയിലെത്തിയിരുന്നില്ല. ജൂലെ 14ന് ഇന്ത്യയുടേയും ചൈനയുടേയും വിദേശകാര്യമന്ത്രിമാര്‍ തമ്മില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് ശേഷമാണ് പന്ത്രണ്ടാം വട്ടം സൈനിക കമാന്‍ഡര്‍മാര്‍ തമ്മിലുളള കൂടിക്കാഴ്ച നടന്നത്. നിലവിലുളള ധാരണകളും പ്രൊട്ടോക്കോളും പാലിച്ച് കൊണ്ട് ബാക്കിയുളള പ്രശ്നങ്ങളിലും ധാരണയിലെത്താനും ചര്‍ച്ചകളും കൂടിയാലോചനകളും തുടരാനും തീരുമാനമായിട്ടുണ്ട്.