ദുബൈയില്‍ പുതുവര്‍ഷപ്പിറവിക്ക് മൂന്ന് ദിവസം അവധി
ദുബൈ: പുതുവര്‍ഷപ്പിറവിയോടനുബന്ധിച്ച് ദുബൈയില്‍ മൂന്ന് ദിവസം അവധി ലഭിക്കും. ജനുവരി ഒന്നിന് ഔദ്യോഗിക അവധിയായിരിക്കുമെന്ന് ദുബൈ ഗവണ്‍മെന്റ് ഹ്യൂമണ്‍ റിസോഴ്‌സസ് വകുപ്പ് അറിയിച്ചു. രാജ്യത്ത് അടുത്ത വര്‍ഷം നിലവില്‍ വരുന്ന പുതിയ വാരാന്ത്യ അവധി ദിനങ്ങള്‍ പ്രകാരം ജനുവരി മൂന്ന് തിങ്കളാഴ്ചയായിരിക്കും അവധിക്ക് ശേഷം പ്രവൃത്തി ദിനങ്ങള്‍ പുനഃരാരംഭിക്കുക.
ജനുവരി ഒന്ന് മുതല്‍ രാജ്യത്തെ സര്‍ക്കാര്‍ മേഖലയിലെ വാരാന്ത്യ അവധി ദിനങ്ങളില്‍ മാറ്റം വരികയാണ്. ആഴ്ചയില്‍ നാലര ദിവസം പ്രവര്‍ത്തനവും മൂന്നര ദിവസം അവധിയുമാണ് പുതിയ രീതി. ഇതനുസരിച്ച് വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷവും ശനി, ഞായര്‍ ദിവസങ്ങളും അവധിയായിരിക്കും. നിരവധി സ്വകാര്യ കമ്പനികളും സര്‍ക്കാര്‍ മേഖലയെ മാതൃകയാക്കി പുതിയ അവധി സംവിധാനത്തിലേക്ക് മാറുമെന്ന് അറിയിച്ചിട്ടുണ്ട്.
ഡിസംബര്‍ 31 വെള്ളിയാഴ്ചയാണെങ്കിലും അവധി ദിനങ്ങളിലെ മാറ്റം ജനുവരി ഒന്ന് മുതല്‍ മാത്രമേ പ്രാബല്യത്തില്‍ വരൂ എന്നുള്ളതിനാല്‍, അന്ന് പൊതു അവധിയായിരിക്കും. പുതിയ ക്രമമനുസരിച്ച് ശനി, ഞായര്‍ ദിവസങ്ങളില്‍ കൂടി അവധി ലഭിക്കുന്നതോടെ ആകെ മൂന്ന് ദിവസത്തെ അവധിയായിരിക്കും ദുബൈയിലെ സര്‍ക്കാര്‍ മേഖലയില്‍ പുതുവര്‍ഷപ്പിറവിയോടനുബന്ധിച്ച് ലഭ്യമാവുക.