ഓഹരി വിപണി മെച്ചപ്പെട്ട തുടക്കത്തിൽ
ഇന്ന് ഇന്ത്യന്‍ ഓഹരി വിപണിക്ക് മെച്ചപ്പെട്ട തുടക്കം. ബിഎസ്ഇ സെന്‍സെക്‌സ് സൂചിക 200 പോയിന്റ് ഉയര്‍ന്ന് 51,903.96 എന്ന നിലയില്‍ വ്യാപാരം ആരംഭിച്ചു (0.39 ശതമാനം നേട്ടം). എന്‍എസ്ഇ നിഫ്റ്റി സൂചിക 30 പോയിന്റ് കയറി 15,238.70 എന്ന നിലയിലും ഇടപാടുകള്‍ക്ക് തുടക്കമിട്ടു (0.20 ശതമാനം നേട്ടം). എച്ച്ഡിഎഫ്‌സി ബാങ്ക്, എസ്ബിഐ, ഐസിഐസിഐ ബാങ്ക് ഓഹരികളുടെ കുതിപ്പിന്റെ പശ്ചാത്തലത്തിലാണ് ഓഹരി വിപണി രാവിലെ മുന്നേറുന്നത്. സെന്‍സെക്‌സില്‍ എസ്ബിഐ ഓഹരികള്‍ 3 ശതമാനത്തോളം ഉയര്‍ച്ച രേഖപ്പെടുത്തി.
നേട്ടത്തിൽ വ്യാപാരം നടത്തുന്ന കമ്പനികളിൽ നെസ്‌ലെ ഇന്ത്യ (1.85 ശതമാനം), ബജാജ് ഫിന്‍സെര്‍വ് (1.62 ശതമാനം), ഏഷ്യന്‍ പെയിന്റ്‌സ് (1.50 ശതമാനം), ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് (1.39 ശതമാനം), മാരുതി സുസുക്കി (1.36 ശതമാനം), എച്ച്ഡിഎഫ്‌സി ബാങ്ക് (1.25 ശതമാനം), ഓഎന്‍ജിസി (1.17 ശതമാനം) എന്നീ കമ്പനികളാണ് . നഷ്ടം സംഭവിച്ചവരുടെ പട്ടികയില്‍ മുന്നില്‍ ടെക് മഹീന്ദ്രയുണ്ട്. വ്യാഴാഴ്ച്ച രാവിലെ ടെക് മഹീന്ദ്ര ഓഹരികള്‍ -0.68 ശതമാനം വരെ താഴോട്ടു പോയി. കൊട്ടാക്ക് മഹീന്ദ്ര ബാങ്ക് (-0.46 ശതമാനം), ഇന്‍ഫോസിസ് (-0.36 ശതമാനം), ടിസിഎസ് (-0.02 ശതമാനം), ആക്‌സിസ് ബാങ്ക് (-0.01 ശതമാനം) ഓഹരികളും നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്. ഒരാഴ്ച്ച നീണ്ട ചാന്ദ്ര പുതുവത്സര അവധിക്ക് ശേഷം ഇന്നാണ് ചൈനീസ് ഓഹരി വിപണി ഉണര്‍ന്നത്. ആഗോള സമ്പദ്ഘടനയുടെ തിരിച്ചുവരവ് ചൈനീസ് ഓഹരികളുടെ മുന്നേറ്റത്തിന് വഴിതെളിക്കുന്നു. ഇതേസമയം, ലാഭമെടുപ്പ് വ്യാപകമായ പശ്ചാത്തലത്തില്‍ എംഎസ്‌സിഐയുടെ ജപ്പാന് വെളിയിലുള്ള ഏഷ്യാ പസിഫിക് ഓഹരി സൂചിക 0.15 ശതമാനം ഇടറി. ചൈനയിലെ ഓഹരികള്‍ 0.77 ശതമാനം ഉയര്‍ച്ചയാണ് കയ്യടക്കുന്നത്.