റോയല്‍ എന്‍ഫീല്‍ഡിന്റെ ഹണ്ടര്‍ വരുന്നു
കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി റോയല്‍ എന്‍ഫീല്‍ഡ് രണ്ടും കല്‍പ്പിച്ചാണ്. ബുള്ളറ്റ്, ക്ലാസിക് എന്നീ ബൈക്കുകളില്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തിയിരുന്ന റോയല്‍ എന്‍ഫീല്‍ഡ് 2016ലാണ് അഡ്വഞ്ചര്‍ ബൈക്ക് ആയ ഹിമാലയനെ അവതരിപ്പിച്ചത്. പിന്നീട് 650 സിസി ഇരട്ടകള്‍ ആയ കോണ്ടിനെന്റല്‍ ജിടി 650, ഇന്റര്‍സെപ്റ്റര്‍ 650 എന്നിവ അവതരിപ്പിച്ചു. ഒടുക്കം തണ്ടര്‍ബേര്‍ഡ് എക്സിനെ അടിമുടി പരിഷ്‌ക്കരിച്ച് മീറ്റിയോര്‍ 350 എന്ന പേരില്‍ അവതരിപ്പിച്ചു റോയല്‍ എന്‍ഫീല്‍ഡ്. ജാവ, ബെനെല്ലി, ഹോണ്ട തുടങ്ങിയ എതിരാളികളുടെ കടന്നു വരവ് റോയല്‍ എന്‍ഫീല്‍ഡിന് ചെറിയ രീതിയില്‍ ഭീഷണിയുയര്‍ത്തുന്നുണ്ട് എന്നത് വ്യക്തമാണ്. ഇത് കണ്ടറിഞ്ഞാണ് റോയല്‍ എന്‍ഫീല്‍ഡ് തങ്ങളുടെ ബൈക്ക് ശ്രേണിയെ വിപുലീകരിക്കുന്നത്. മീറ്റിയോര്‍ 350 അവതരിപ്പിച്ചതിന് പിന്നാലെ അടുത്ത ബൈക്കിന്റെ പണിപ്പുരയിലാണ് റോയല്‍ എന്‍ഫീല്‍ഡ് എന്നാണ് റിപോര്‍ട്ടുകള്‍.
റോയല്‍ എന്‍ഫീല്‍ഡ് ഔദ്യോഗികമായി പുറത്ത് വിട്ടിട്ടില്ല എങ്കിലും ഹണ്ടര്‍ എന്നാവും പുത്തന്‍ മോട്ടോര്‍സൈക്കിളിന്റെ പേര് എന്നാണ് റിപോര്‍ട്ടുകള്‍. 6,100 ആര്‍പിഎമ്മില്‍ 20.2 എച്ച്പി പവറും 4,000 ആര്‍പിഎമ്മില്‍ 27 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന മീറ്റിയോറിലെ 349 സിസി, ഫ്യുവല്‍ ഇന്‍ജെക്ടഡ്, സിംഗിള്‍ സിലിണ്ടര്‍ എന്‍ജിന്‍ തന്നെയാണ് ഹണ്ടറിലും ഇടം പിടിക്കുക എന്നാണ് വിവരം. മാത്രമല്ല ബ്രെയ്ക്കിങ്, സസ്‌പെന്‍ഷന്‍ തുടങ്ങിയ ഏറെക്കുറെ എല്ലാ സൈക്കിള്‍ പാര്‍ട്‌സുകളും ഹണ്ടര്‍, മീറ്റിയോര്‍ എന്നീ ബൈക്കുകള്‍ക്ക് സമാനമാവും. മീറ്റിയോര്‍ 350 അടിസ്ഥാനമായ ജെ-പ്ലാറ്റ്ഫോമില്‍ തന്നെയാണ് റോയല്‍ എന്‍ഫീല്‍ഡ് ഹണ്ടറും ഒരുങ്ങുന്നത്.
അനൗദ്യോഗികമായി പുറത്ത് വന്ന ചിത്രങ്ങള്‍ അനുസരിച്ച് ഒരു റെട്രോ മോഡേണ്‍ റോഡ്സ്റ്റര്‍ ബൈക്ക് ആയിരിക്കും ഹണ്ടര്‍ എന്നാണ് വിവരം. സ്പോര്‍ട്ടയായ ലുക്ക്, വലിപ്പം കൂടിയ സീറ്റ്, ആയാസരഹിതമായ സീറ്റിംഗ് പൊസിഷന്‍, വലിപ്പം കുറഞ്ഞ ഹാന്‍ഡില്‍ ബാറുകള്‍ എന്നിങ്ങനെ മീറ്റിയോറിന്റെ ഒരു പരിഷ്‌കാരി സഹോദരന്‍ പരിവേഷം ആയിരിക്കും ഹണ്ടറിന് എന്നാണ് റിപോര്‍ട്ടുകള്‍. പുത്തന്‍ ഡിസൈനിലുള്ള ടെയില്‍ ലാംപ്, വ്യത്യസ്തമായ എക്സ്‌ഹോസ്റ്റ് എന്നിവ റോയല്‍ എന്‍ഫീല്‍ഡ് ഹണ്ടറില്‍ പ്രതീക്ഷിക്കാം. ട്രിപ്പര്‍ നാവിഗേഷന്‍ അടക്കമുള്ള പുത്തന്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ ആയിരിക്കും ഹണ്ടര്‍ 350-യില്‍ ഇടം പിടിക്കുക.