ഐഎസ്ആര്‍ഒ ഗൂഢാലോചന: മുന്‍ അന്വേഷണ ഉദ്യോഗസ്ഥരുടെ മുന്‍കൂര്‍ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജി ഇന്ന് പരിഗണനക്ക്
ദില്ലി: ഐഎസ്ആര്‍ഒ ഗൂഡാലോചന കേസിലെ പ്രതികളായ മുന്‍ അന്വേഷണ ഉദ്യോഗസ്ഥരുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സിബിഐ നല്‍കിയ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് എ.എം.ഖാന്‍വീല്‍ക്കര്‍ അദ്ധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുക. ചാരക്കേസ് അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥരായിരുന്ന എസ്. വിജയന്‍, തമ്പി എസ് ദുര്‍ഗാദത്ത്, മുന്‍ ഐബി ഉദ്യോഗസ്ഥര്‍ ആര്‍ബി ശ്രീകുമാര്‍, പി. എസ്. ജയപ്രകാശ് എന്നിവര്‍ക്ക് കേരള ഹൈക്കോടതി നല്‍കിയ മുന്‍കൂര്‍ ജാമ്യമാണ് സിബിഐ ചോദ്യം ചെയ്യുന്നത്.
പ്രതികളെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യണമെന്നാണ് സിബിഐ ആവശ്യം. ഐ.എസ്.ആര്‍.ഒ ചാരപ്രവര്‍ത്തനത്തെ കുറിച്ച് അന്നത്തെ പ്രധാനമന്ത്രിക്ക് കിട്ടിയ രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകള്‍ പരിശോധിക്കണമെന്ന് കേസില്‍ നല്‍കിയ സത്യവാംങ്മൂലത്തില്‍ മുന്‍ ഐ.ബി ഉദ്യോഗസ്ഥന്‍ ആര്‍.ബി.ശ്രീകുമാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പ്രധാനമന്ത്രിക്ക് കിട്ടിയ റിപ്പോര്‍ട്ടുകള്‍ പരിശോധിച്ചാല്‍ ചാരന്മാര്‍ക്ക് പിന്നില്‍ പാക് രഹസ്യാന്വേഷണ ഏജന്‍സികളുടെ പങ്ക് വ്യക്തമായിരുന്നുവെന്നും കേസിന്റെ അന്വേഷണം ദുര്‍ബലമാക്കിയത് സിബിഐ ആണെന്നും ആര്‍.ബി.ശ്രുകമാറിന്റെ സത്യവാംങ്മൂലത്തില്‍ പറയുന്നു.