നേട്ടത്തോടെ വിപണിയുടെ തുടക്കം
ഇന്ന് നേട്ടത്തിലാണ് വിപണിയുടെ തുടക്കം. സെന്‍സെക്‌സും നിഫ്റ്റിയും രാവിലെ അരശതമാനത്തോളം മുന്നേറ്റം കാഴ്ച്ചവെക്കുകയാണ്. ഏഷ്യന്‍ വിപണികള്‍ ലാഭകരമായി ചുവടുവെയ്ക്കുന്നത് ഇന്ത്യന്‍ വിപണിയുടെ വികാരത്തെയും സ്വാധീനിക്കുന്നു.
രാവിലെ ബിഎസ്ഇ സെന്‍സെക്‌സ് സൂചിക 280 പോയിന്റ് കയറി 49,000 എന്ന നിലയില്‍ തിരിച്ചെത്തി (0.6 ശതമാനം). മറുഭാഗത്ത് എന്‍എസ്ഇ നിഫ്റ്റി സൂചിക 14,750 പോയിന്റ് നിലവാരത്തില്‍ വ്യാപാരം നടക്കുന്നു . സെന്‍സെക്‌സില്‍ ഇന്‍ഡസ്ഇന്‍ഡ് ബാങ്കും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുമാണ് കാര്യമായി തിളങ്ങുന്നത്. ഇരു ബാങ്ക് ഓഹരികളും 2 ശതമാനം ഉയര്‍ന്ന് നില്‍ക്കുന്നു. ലാര്‍സന്‍ ആന്‍ഡ് ടൂര്‍ബോ, സണ്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് ഓഹരികളാണ് സെന്‍സെക്‌സില്‍ തകര്‍ച്ച നേരിട്ട രണ്ടു ഓഹരികൾ .
വ്യവസായങ്ങള്‍ അടിസ്ഥാനപ്പെടുത്തിയുള്ള വില സൂചികകള്‍ എല്ലാം രാവിലെ നേട്ടത്തിലാണ് ഇടപാടുകള്‍ നടത്തുന്നത്. കൂട്ടത്തില്‍ നിഫ്റ്റി എഫ്എംസിജിയും നിഫ്റ്റി പൊതുമേഖലാ ബാങ്കും 0.8 ശതമാനം വീതം മുന്നേറുന്നു. വിശാല വിപണികളും ബെഞ്ച്മാര്‍ക്ക് സൂചികകളിലെ നേട്ടം അനുകരിക്കുന്നുണ്ട്. ബിഎസ്ഇ മിഡ്ക്യാപ് 0.5 ശതമാനവും സ്‌മോള്‍ക്യാപ് 0.8 ശതമാനവും വീതം നേട്ടത്തില്‍ ചുവടുവെയ്ക്കുകയാണ്. ഇന്ന് 24 കമ്പനികളാണ് മാര്‍ച്ച് പാദത്തിലെ സാമ്പത്തിക ഫലം പ്രഖ്യാപിക്കാനിരിക്കുന്നത്. ഭാരതി എയര്‍ടെല്‍, ഫെഡറല്‍ ബാങ്ക്, കോള്‍ഗേറ്റ് പാമോലീവ്, ഓറിയന്റ് സിമന്റ് തുടങ്ങിയ പ്രമുഖര്‍ പട്ടികയിലുള്ള കമ്പനികളാണ്.