വിപണി മൂല്യം 3 ലക്ഷം കോടി കടന്ന് വിപ്രോ.
ചരിത്രത്തില്‍ ആദ്യമായി വിപ്രോ 3 ലക്ഷം കോടി രൂപ വിപണി മൂല്യം തൊട്ടു. ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസിനും ഇന്‍ഫോസിസിനും ശേഷം ഈ നേട്ടം കുറിക്കുന്ന മൂന്നാമത്തെ ഇന്ത്യന്‍ ഐടി കമ്പനിയാണ് വിപ്രോ. വ്യാഴാഴ്ച്ച തുടക്കവ്യാപാരത്തില്‍ത്തന്നെ വിപ്രോയുടെ വിപണി മൂല്യം 3 ലക്ഷം കോടി രൂപ പിന്നിട്ടിരുന്നു. ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ 1.27 ശതമാനം നേട്ടത്തിലാണ് വിപ്രോ ഇന്നത്തെ ഇടപാടുകള്‍ ആരംഭിച്ചത്. ഈ സമയം വിപ്രോയുടെ ഓഹരിയൊന്നിന് വില 550. എന്നാല്‍ അവസാന മണി മുഴങ്ങുമ്പോള്‍ വിപ്രോ ഓഹരികള്‍ 0.74 ശതമാനം തകര്‍ച്ച നേരിട്ടു. 539 രൂപ വിലനിലവാരത്തിലാണ് വിപ്രോ ക്ലോസ് ചെയ്തത്. ബുധനാഴ്ച്ച 543.05 രൂപയായിരുന്നു കമ്പനിയുടെ ക്ലോസിങ്
പുതിയ സിഇഓയും മാനേജ് ഡയറക്ടറുമായി ഡെലപ്പോര്‍ട്ട് അധികാരത്തില്‍ വന്നതിന് പിന്നാലെ കമ്പനിയുടെ നേതൃസംഘം 25 പേരില്‍ നിന്നും 4 പേരായി ചുരുങ്ങി. ജര്‍മന്‍ റീടെയില്‍ കമ്പനിയായ മെട്രോയുമായി വിപ്രോ കരാര്‍ ഒപ്പിട്ടതും പ്രധാന വാര്‍ത്തയായിരുന്നു. 7.1 ബില്യണ്‍ ഡോളറിന്റെ കരാറാണ് മെട്രോയില്‍ നിന്നും വിപ്രോ നേടിയത്. കമ്പനിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ കരാറാണിത്. ഇതിന് മുന്‍പ് 13 കമ്പനികള്‍ ഇന്ത്യയില്‍ 3 ലക്ഷം കോടി രൂപയുടെ വിപണി മൂല്യം പിന്നിട്ടുണ്ട്. ഇപ്പോള്‍ വിപ്രോ പട്ടികയില്‍ 14 ആം സ്ഥാനത്ത് കയറി. കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട് 157 ശതമാനമാണ് വിപ്രോ ഓഹരികള്‍ കുതിപ്പ് നടത്തിയത്.