അഭിമാനനേട്ടം; ഏറ്റവും സ്വാധീനമുള്ള 100
കമ്പനികളുടെ പട്ടികയില്‍ ജിയോയും ബൈജൂസും
ടൈം മാഗസിന്റെ 'ഏറ്റവും സ്വാധീനമുള്ള 100 കമ്പനികളുടെ പട്ടിക'യില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ടെക്നോളജി വിഭാഗമായ ജിയോ പ്ലാറ്റ്ഫോമും ഇ-ലേണിങ് സ്റ്റാര്‍ട്ടപ്പ് ആയ ബൈജൂസും ഇടം നേടി. ജിയോ ഇന്നൊവേറ്റര്‍ വിഭാഗത്തിലും ബൈജൂസ് ഡിസ്‌റപ്‌റ്റേഴ്‌സ് വിഭാഗത്തിലുമാണ് ഇടംപിടിച്ചത്.
സൂം, അഡിഡാസ്, ടിക് ടോക്, ഐകിയ, മോഡേണ, നെറ്റ്ഫ്‌ലിക്‌സ് തുടങ്ങിയ കമ്പനികള്‍ക്കൊപ്പമാണ് ജിയോ പട്ടികയില്‍ ഇടം നേടിയത്. വളരെ ചുരുങ്ങിയ കാലം കൊണ്ടാണ് മുംബൈ ആസ്ഥാനമായുള്ള റിലയന്‍സ് ജിയോ ഏറ്റവും കുറഞ്ഞ ഡാറ്റാ നിരക്കുകള്‍ വാഗ്ദാനം ചെയ്ത് ഇന്ത്യയിലെ ഏറ്റവും വലിയ 4 ജി നെറ്റ്വര്‍ക്ക് സ്ഥാപിച്ചത്. ഫേസ്ബുക്ക് അടക്കമുള്ള ലോകത്തിലെ നിരവധി കമ്പനികള്‍ ജിയോയില്‍ നിക്ഷേപം നടത്തിയിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം മാത്രം 2,000 കോടി ഡോളറിലധികം നിക്ഷേപമാണ് ജിയോ സമാഹരിച്ചത്. നിലവില്‍ ജിയോയ്ക്ക് 4.10 കോടി വരിക്കാരുണ്ട്. ഇത് അതിവേഗം വളരുന്ന ഉപയോക്തൃ അടിത്തറയുടെ മൂല്യത്തിനും സാധ്യതയ്ക്കും തെളിവാണെന്നും ടൈം മാഗസിന്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
ടെസ്‌ല, ഹുവാവേ, ഷോപ്പിഫൈ, എയര്‍ബണ്‍ബി, ഡിഡി ചക്‌സിങ് എന്നിവയാണ് ബൈജൂസിനൊപ്പം ഡിസ്‌റപ്‌റ്റേഴ്‌സ് വിഭാഗത്തില്‍ ഇടംപിടിച്ച മറ്റ് കമ്പനികള്‍. ഇന്ത്യയിലെ ഏറ്റവും ലാഭകരമായ സ്റ്റാര്‍ട്ടപ്പ് കമ്പനികളില്‍ ഒന്നാണ് ബൈജൂസ്. മലയാളിയായ ബൈജു രവീന്ദ്രന്‍ ആണ് ഈ ഇ-ലേണിങ് സ്റ്റാര്‍ട്ടപ്പിന്റെ സ്ഥാപകന്‍. കൊവിഡ് കാലത്ത് ബൈജൂസ് ലേണിങ് ആപ്പ് ഉപയോഗിക്കുന്നവരുടെ എണ്ണം 8 കോടിയിലധികം വര്‍ധിച്ചു. കഴിഞ്ഞ വര്‍ഷം ടെന്‍സെന്റ്, ബ്ലാക്ക് റോക്ക് തുടങ്ങിയ കമ്പനികളില്‍ ബൈജൂസ് നിക്ഷേപം നടത്തിയിരുന്നു