അബൂദബിയിലെ ടൂറിസം മേഖല ഉണരുന്നു
ക്രൂയിസ് കപ്പലുകള്‍ നാളെ മുതല്‍ എത്തിത്തുടങ്ങും
അബുദബി: അബുദബിയില്‍ ക്രൂയിസ് കപ്പലുകള്‍ നാളെ മുതല്‍ എത്തിത്തുടങ്ങും. ഇതോടെ ഈ വര്‍ഷത്തെ ടൂറിസം സീസണ് തുടക്കമാവുമെന്ന് അബുദബി സാസ്‌കാരിക ടൂറിസം വകുപ്പ് അറിയിച്ചു. ഒന്നര വര്‍ഷത്തിന് ശേഷമാണ് ക്രൂയിസ് കപ്പലുകള്‍ ടൂറിസ്റ്റുകളുമായി അബുദബിയിലെത്തുന്നത്. 2019ല്‍ സായിദ് പോര്‍ട്ടില്‍ 192 ക്രൂയിസ് കപ്പലുകളിലായി അഞ്ചുലക്ഷം സന്ദര്‍ശകരാണ് എത്തിയിരുന്നത്. ടൂറിസ്റ്റുകള്‍ക്ക് കവാടം തുറന്നെങ്കിലും കോവിഡ് നിബന്ധനകള്‍ കര്‍ശനമായി പാലിച്ചുകൊണ്ടായിരിക്കും വിദേശ സഞ്ചാരികളെ അനുവദിക്കുക
ലോകാരോഗ്യ സംഘടന അംഗീകരിച്ച വാക്‌സിന്‍ എടുത്തിരിക്കണം, ഒപ്പം എല്ലാ കോവിഡ് മുന്‍കരുതലുകളും പാലിക്കുകയും വേണം. അബുദബിയിലെത്തുന്ന ക്രൂയിസ് സഞ്ചാരികള്‍ക്ക് സര്‍ ബനിയാസ് ദ്വീപിലെ സ്റ്റോപ്പ് ഓവറിലെ കാഴ്ചകള്‍ കൂടി ആസ്വദിക്കാനുള്ള അവസരവും ഇക്കുറി ഒരുക്കിയിട്ടുണ്ട്. അബുദബിയിലെ വന്യജീവി സങ്കേതമായ സര്‍ബനിയാസ് ദ്വീപും നഗരാതിര്‍ത്തിയിലെ അല്‍ക്വാന ടൂറിസ്റ്റ് കേന്ദ്രവും ക്രൂയിസ് സഞ്ചാരികളെ ആകര്‍ഷിക്കാനുള്ള അവസാനഘട്ട തയ്യാറെടുപ്പിലാണ്.