സംസ്ഥാനത്ത് 175 ബെവ്‌കോ ഔട്ട് ലെറ്റുകള്‍ പരിഗണനയില്‍; ശല്യമില്ലാതെ പ്രവര്‍ത്തിക്കണം: ഹൈക്കോടതി
കൊച്ചി: സംസ്ഥാനത്ത് പുതുതായി 175 മദ്യവില്‍പന ശാലകള്‍ കൂടി ആരംഭിക്കുന്നത് പരിഗണനയിലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ഇത് സംബന്ധിച്ചുള്ള ബെവ്കോയുടെ ശുപാര്‍ശ എക്സൈസ് വകുപ്പിന്റെ പരിഗണനയിലാണെന്നും മദ്യ വില്‍പന ശാലയിലെ തിരക്ക് നിയന്ത്രിക്കാനായി വാക്ക് ഇന്‍ മദ്യ വില്‍പ്പന ശാലകള്‍ തുടങ്ങണമെന്ന ഹൈക്കോടതിയുടെ നിര്‍ദേശവും പരിഗണനയിലാണെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. കേരളത്തില്‍ 1.12 ലക്ഷം പേര്‍ക്ക് ഒരു മദ്യവില്‍പനശാല എന്ന അനുപാതത്തിലാണ് നിലവില്‍ കേരളത്തില്‍ മദ്യശാലകള്‍ പ്രവര്‍ത്തിക്കുന്നത്. മറ്റ് സംസ്ഥാനങ്ങളെക്കാള്‍ ഇത് കൂടുതലാണെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന നിരവധി മദ്യശാലകള്‍ക്ക് വാക്ക് ഇന്‍ സൗകര്യമുണ്ടെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയില്‍ വ്യക്തമാക്കി.
സമീപവാസികള്‍ക്ക് ശല്യമാകാത്ത തരത്തില്‍ വേണം മദ്യവില്‍പനശാലകള്‍ പ്രവര്‍ത്തിക്കേണ്ടതെന്നും, സംസ്ഥാനത്തെ മദ്യ വില്‍പ്പന ശാലകളില്‍ നിന്നും ജനങ്ങള്‍ക്ക് ബുദ്ധിമുട്ടാകുന്നു എന്ന രീതിയിലുള്ള പരാതികള്‍ നിരവധിയായി എത്തുന്നുണ്ടെന്നും പൊതുജനങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ കണ്ടില്ലെന്ന് നടിക്കാനാകില്ലെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു. ബെവ്കോ ഔട്ട്‌ലെറ്റുകള്‍ക്ക് മുന്നില്‍ ആള്‍ക്കൂട്ടം സംബന്ധിച്ച് കോടതിയലക്ഷ്യ ഹര്‍ജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി. കേസ് മറ്റൊരു ദിവസം പരിഗണിക്കാനായി മാറ്റി.