നിയന്ത്രണങ്ങള്‍ കടുപ്പിച്ച് കൂടുതല്‍ രാജ്യങ്ങള്‍;
ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കും തിരിച്ചുമുള്ള യാത്ര വിലക്കി
ദില്ലി: കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണിനെ നേരിടാന്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ച് കൂടുതല്‍ രാജ്യങ്ങള്‍. ദക്ഷിണാഫ്രിക്കയില്‍ നിന്ന് നെതര്‍ലന്‍ഡിലെത്തിയ പതിമൂന്ന് യാത്രക്കാരില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ചതോടെ ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കും തിരിച്ചുമുള്ള യാത്ര വിലക്കി. അമേരിക്ക എട്ട് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തി. അതേസമയം ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്ക് മേല്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന യാത്ര വിലക്ക് അശാസ്ത്രീയമാണെന്നും, ഉടന്‍ പിന്‍വലിക്കണമെന്നും ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് സിറില്‍ റമഫോസെ ആവശ്യപ്പെട്ടു.
ദക്ഷിണാഫ്രിക്കയില്‍ നിന്ന് ആംസ്റ്റര്‍ഡാമിലെത്തിയ പതിമൂന്ന് പേരിലാണ് ഒമിക്രോണ്‍ വകഭേദം കണ്ടെത്തിയത്. കൊവിഡ് കേസുകള്‍ വളരെ കൂടുന്ന സാഹചര്യത്തില്‍ നെതര്‍ലന്‍ഡ് നേരത്തെ തന്നെ നിയന്ത്രണങ്ങള്‍ കടുപ്പിച്ചിരുന്നു. ഒമിക്രോണ്‍ കണ്ടെത്തിയതോടെ ആഘോഷ പരിപാടികള്‍ക്കും ഒത്തുചേരലിനും നിയന്ത്രണം ഏര്‍പ്പെടുത്തി.
യുകെയില്‍ മൂന്നാമത്തെ ആള്‍ക്കും ഒമിക്രോണ്‍ സ്ഥിരീകരിച്ചതോടെയാണ് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കും തിരിച്ചുമുള്ള യാത്ര നിരോധിച്ചത്. മറ്റ് രാജ്യങ്ങളില്‍ നിന്ന് എത്തുന്നവര്‍ക്ക് പരിശോധനയും ക്വാറന്റീനും നിര്‍ബന്ധമാക്കി. വാക്‌സിനേഷന്‍ കാര്യക്ഷമമാക്കാന്‍ നാലരക്കോടി ഡോസുകള്‍ ഉടന്‍ വിതരണം ചെയ്യാന്‍ തീരുമാനമായി. ദക്ഷിണാഫ്രിക്കയില്‍ നിന്നെത്തിയ ഒരാള്‍ ജര്‍മനിയില്‍ നിരീക്ഷണത്തിലാണ്. ബോട്‌സ്വാന, ലെസോത്തോ, എസ്വാട്ടീനി, സിംബാബ്വെ, നമീബിയ എന്നിവയ്ക്കു പുറമേ ഹോങ്കോങ്, ഇസ്രയേല്‍, ബെല്‍ജിയം എന്നിവിടങ്ങളിലും ഒമിക്രോണ്‍ സാന്നിധ്യം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
വൈറസ് കൂടുതല്‍ രാജ്യങ്ങളിലേക്ക് എത്തിയതോടെ അമേരിക്ക എട്ട് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് വിലക്കേര്‍പ്പെടുത്തി. കാനഡ, സൈപ്രസ് , ബംഗ്ലദേശ്, ശ്രീലങ്ക എന്നീ രാജ്യങ്ങളും ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ളവര്‍ക്ക് പ്രവേശനവിലക്ക് ഏര്‍പ്പെടുത്തി.
ദക്ഷിണാഫ്രിക്കയും ഹോളണ്ടും തമ്മില്‍ നടക്കാനിരുന്ന ഏകദിന ക്രിക്കറ്റ് പരമ്പര മാറ്റിവച്ചു. യുഎഇ വിമാനക്കമ്പനികളായ എമിറേറ്റ്‌സും ഇത്തിഹാദും ഈ രാജ്യങ്ങളില്‍ നിന്നുള്ള വിമാനങ്ങള്‍ റദ്ദാക്കി. കൂടുതല്‍ രാജ്യങ്ങള്‍ ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയതിനെതിരെ ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് സിറില്‍ റമഫോസെ രംഗത്തെത്തി. നടപടി ന്യായീകരിക്കാനാകാത്തതും അശാസ്ത്രീയവുമാണ്. നടപടി ഉടന്‍ പിന്‍വലിക്കണമെന്നും റമഫോസെ ആവശ്യപ്പെട്ടു